കോട്ടയം: ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്‌സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികള്‍ ക്രൂര റാഗിങ്ങിനിരയായ സംഭവത്തില്‍ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ഭാഗങ്ങളിൽ ഡംമ്പൽ തൂക്കിയെന്നും കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്. സംഭവത്തിന് പിന്നാലെ ആൻ്റി റാഗിങ് സെല്ലിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതികളായ അഞ്ച് പേരെയും പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്‌തു.
മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതി മുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ക്രൂര പീഡനത്തിനാണ് ജൂനിയർ വിദ്യാർഥികൾ ഇരകളായത്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു. കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു. ശേഷം ഈ മുറിവിൽ ലോഷൻ തേക്കുമെന്ന് സീനിയേഴ്‌സ് പറഞ്ഞതായും പരാതിയിൽ പറയുന്നു.
ഇത് കൂടാതെ മുഖത്തും തലയിലും ക്രീം പുരട്ടും. ക്രൂരമായി ആക്രമിച്ച ശേഷം മുഖത്ത് തേക്കുന്ന ക്രീം അടക്കം വായിൽ കുത്തിക്കയറ്റുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഞായറാഴ്‌ച ദിവസങ്ങളിൽ ജൂനിയർ വിദ്യാർഥികളിൽ നിന്നും 800 രൂപ വീതം പിരിവ് വാങ്ങി സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. കൂടുതൽ വിദ്യാർഥികൾ പരാതി നൽകാൻ സാധ്യതയുണ്ടെന്ന് ഗാന്ധിനഗർ പൊലീസ് വ്യക്തമാക്കി. പ്രതികളെ ഇന്ന് (ഫെബ്രുവരി 12) ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
അതേസമയം റാഗിങ് നടന്നതായി ഒരു വിദ്യാർഥിയുടെ പിതാവ് ഇന്നലെയാണ് പരാതി നൽകിയത് അതിന് മുമ്പ് ഹോസ്‌റ്റലിലെ വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് റാഗിങ് നേരിടുന്നതായി പരാതി ഉണ്ടായിട്ടില്ലയെന്ന് കോട്ടയം ഗാന്ധിനഗർ ഗവൺമെന്‍റ് നഴ്‌സിങ് കോളജ് അധികൃതർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതി ലഭിക്കുമ്പോഴാണ് താന്‍ റാഗിങ്ങിനെ കുറിച്ച് അറിഞ്ഞതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇൻ ചാർജ് ലിനി ജോസഫും പറഞ്ഞു. മാത്രമല്ല സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മിഷൻ രൂപീകരിച്ചെന്നും പരാതി ലഭിച്ചതിന് പിന്നാലെ അഞ്ച് വിദ്യാര്‍ഥികളെയും കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തുവെന്നും ലിനി ജോസഫും അറിയിച്ചു.
ഇന്നലെയാണ് റാഗിങ് നടന്നതായി ഒരു വിദ്യാർഥിയുടെ പിതാവ് പരാതി നൽകിയത്. വൈകിട്ട് 10 മണി വരെയാണ് ഹോസ്‌റ്റൽ വാർഡൻ ഇവിടെ ഉള്ളത്. റാഗിങ്ങിനിനെതിരായി സർക്കുലർ നൽകിയിരുന്നുവെന്നും കർശനമായി നിരീക്ഷിച്ചിരുന്നുവെന്നും ലിനി ജോസഫ് പറഞ്ഞു.