ദിവസവും നേരം പുലരുമ്പോള്‍ ഇന്ന് എന്തുണ്ടാക്കുമെന്ന് ചിന്തിക്കാത്തവര്‍ ഒട്ടും കുറവല്ല. പ്രത്യേകിച്ചും ജോലിയുള്ളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വളരെ വേഗത്തില്‍ എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും ഇതില്‍ കൂടുതലും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇനി അരി വേവിക്കാന്‍ അടുപ്പില്‍ വയ്‌ക്കുകയോ തീ കത്തിക്കുകയോ ഒന്നും വേണ്ട. വെറുതെ കഴുകി വെള്ളത്തില്‍ ഇട്ടാല്‍ മാത്രം മതി. അതും വെറും 30 മിനിറ്റ്. അപ്പോഴേക്ക് നല്ല പൂ പോലത്തെ ചോറ് റെഡിയാകും.
ഇത് വെറും പൊള്ളാണെന്ന് കരുതേണ്ട. സംഭവം സത്യമാണ്. ഇതാണ് 'മാജിക്കല്‍ റൈസ്'. പേര് പോലെ തന്നെ ഇതൊരു മാജിക്കാണ്. ഞൊടിയിടയില്‍ ചോറുണ്ടാക്കാം.
ഇനി ഇതെവിടെ കിട്ടുമെന്നായിരിക്കും അടുത്ത ചോദ്യം? അതിനും ഇവിടെ ഉത്തരമുണ്ട്. മറ്റൊവിടെയുമല്ല നെല്‍ പാടങ്ങളുടെ പറുദീസയായ പാലക്കാട്. എലപ്പുള്ളിയിലെ പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ് മാജിക്കല്‍ റൈസ് എന്ന് വിളിപേരുള്ള അഗോനിബോറ കതിരിട്ടത്.
പടിഞ്ഞാറന്‍ അസമില്‍ നിന്നുള്ള ഒരു നെല്ലിനമാണ് അഗോനിബോറ. നന്നായി കഴുകി വൃത്തിയാക്കി തണുത്ത വെള്ളത്തില്‍ ഇട്ടാല്‍ അര മണിക്കൂര്‍ കൊണ്ട് ചോറ് റെഡി. എന്നാല്‍ വെള്ളം ഒന്ന് ചൂടാക്കിയാണ് അരി ഇടുന്നതെങ്കില്‍ വെറും 15 മിനിറ്റ് കൊണ്ട് അരി വെന്ത് പാകമാകും.
പാലക്കാട്ടെ കൃഷിയും വിളവെടുപ്പും: അസമില്‍ നിന്നെത്തിച്ച ഈ മാജിക്കല്‍ റൈസ് 15 സെന്‍റിലാണ് കൃഷിയിറക്കിയത്. തീര്‍ത്തും ജൈവ രീതിയിലായിരുന്നു കൃഷി. കൃഷിക്ക് മുന്നോടിയായി ആദ്യം വിത്തുകള്‍ മുളപ്പിക്കുകയാണ് ചെയ്‌തത്. വിത്തുകള്‍ മുളച്ച് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് തൈകള്‍ നട്ടത്. നടുന്നതിന് മുമ്പായി ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു. വേപ്പെണ്ണ, ജൈവ കീടനാശിനി എന്നിവ ഉപയോഗിച്ച് കീടശല്യം പ്രതിരോധിച്ചു.
കൃഷിയിറക്കി 110 ദിവസം കൊണ്ട് ചെടികള്‍ കതിരിട്ടു. 145 ദിവസമാണ് ഈ നെല്ലിനത്തിന്‍റെ ശരിയായ മൂപ്പ്. 12 സെന്‍റില്‍ ഇറക്കിയ കൃഷിയില്‍ നിന്നും 170 കിലോ നെല്ലാണ് പാലക്കാട് കൊയ്‌തെടുത്തത്. പാലക്കാടന്‍ മട്ടയരിക്ക് സമാനമായ വലുപ്പമാണ് മാജിക്കല്‍ റൈസിന്‍റേത്. സാധാരണ പുഴുങ്ങല്ലരി പോലെ തന്നെയാണ് നെല്ല് അരിയാക്കുന്നത്.
ജൂണിൽ ഇറക്കിയ കൃഷിയാണ് നവംബർ അവസാനത്തോടെ വിളവെടുത്തത്. മൂന്നടിയോളം വളരുന്ന ചെടി കതിരിടാൻ ശരാശരി നൂറു ദിവസത്തിലധികം എടുക്കും. അടിയന്തര സാഹചര്യത്തില്‍ വേഗത്തില്‍ പാകം ചെയ്യാനാകുമെന്നതാണ് മാജിക്കല്‍ റൈസിന്‍റെ പ്രത്യേകത. പ്രകൃതി ദുരന്തം, പ്രളയം എന്നീ സാഹചര്യങ്ങളില്‍ ഇത് വളരെ ഉപകാരപ്രദമായിരിക്കും.
ഇത് അസമിന്‍റെ സ്വന്തം മാജിക്ക്: പടിഞ്ഞാറന്‍ അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് മാജിക്കല്‍ റൈസായ അഗോനിബോറ ധാരാളമായി കൃഷി ചെയ്യുന്നത്. മഡ് റൈസ്, ബോറ സോള്‍ എന്നിങ്ങനെയും ഇതിന് വിളിപ്പേരുണ്ട്. അസമിലെ പടിഞ്ഞാറന്‍ ഗ്രാമവാസികള്‍ അധികവും ഉപയോഗിക്കുന്ന അരിയാണ് അഗോനി റൈസ്. വിശേഷ ദിവസങ്ങളിലും ഗ്രാമവാസികള്‍ പാകം ചെയ്യുന്നതും ഇതുതന്നെയാണ്. പഞ്ചസാര, തൈര്, പാല്‍, ക്രീം എന്നിവയ്‌ക്കൊപ്പമാണ് ഇത് വിശേഷ ദിനങ്ങളില്‍ വിളമ്പുന്നത്. വേവിക്കാതെയാണ് കഴിക്കുന്നതെങ്കിലും ഇതിന് ഏറെ പോഷക ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. സാധാരണ നെല്‍ ചെടികളെക്കാള്‍ ഇതിന് ഉയരം കുറവാണ്. അതുകൊണ്ട് തന്നെ ഇതിന് വൈക്കോലും താരതമ്യേന കുറവാണ്.
ആദ്യം വിത്ത് മാറി വിജയം രണ്ടാമത്തേതില്‍:രണ്ടാമത്തെ പരീക്ഷണത്തിലാണ് പാലക്കാട്ടെ അഗോനിബോറ കൃഷി വിജയം കണ്ടത്. കഴിഞ്ഞ വർഷം ആസാമിൽ നിന്ന് വിത്ത് കൊണ്ടുവന്ന് വിളവിറക്കിയിരുന്നു. വിളഞ്ഞപ്പോഴാണ് വിത്ത് മാറിപ്പോയെന്ന് തിരിച്ചറിയുന്നത്. വിജയകരമായി പരീക്ഷിച്ചുവെങ്കിലും അത്താച്ചി ഫാമിൽ നിന്ന് മാജിക് റൈസ് വിപണിയിലെത്താൻ സമയമെടുക്കും. ഇപ്പോൾ വിളഞ്ഞിരിക്കുന്ന നെല്ലിൻ്റെ ഒരു ഭാഗം വിത്തിനായി മാറ്റി വച്ചിരിക്കുകയാണ്. അത് കൂടുതൽ സ്ഥലത്ത് ഇത്തവണ പരീക്ഷിക്കും.
മാജിക്കിന്‍റെ വികസനം: ഒഡിഷയിലെ ഐസിഎഐആര്‍ (കട്ടക് സെന്‍ട്രല്‍ റൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്) വികസിപ്പിച്ചെടുത്ത ഒരിനമാണ് മാജിക്കല്‍ റൈസ് അഥവ അഗോനിബോറ റൈസ്. അസമിലെ പരമ്പരാഗതമായ ഒരു നെല്ലിനം വികസിപ്പിച്ചാണ് അഗോനിബോറ വികസിപ്പിച്ചത്. സാധാരണ നെല്ലിനങ്ങളില്‍ അടങ്ങിയിരിക്കുന്ന അമിലിയോസ് എന്ന വസ്‌തുവിന്‍റെ അഭാവമാണ് അത് വെള്ളത്തില്‍ ഇട്ടാല്‍ വേവാന്‍ കാരണം. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വിവിധയിനം നെല്ലിനങ്ങള്‍ നിലവിലുണ്ട്.
വിപണിയിലെത്തിക്കുന്ന കാര്യം പിന്നീട്:മാജിക് റൈസ് വിപണിയിലെത്തിക്കുന്ന കാര്യം അത്താച്ചി ഫാം ആലോചിച്ച് തുടങ്ങിയിട്ടില്ല. ലാഭം മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനം അല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഒരു ധൃതിയുമില്ലെന്ന് ഫാം മാനേജർ സിവി കൃഷ്‌ണൻ പറയുന്നു. ചെയർമാൻ്റെ അടുത്ത ബന്ധുവും സുഹൃത്തുമായ അദ്ദേഹമാണ് സ്ഥാപനത്തിലെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്. അലോപ്പതി ഡോക്‌ടറായ എംഡി ഡോ.വിശ്വനാഥനും ഇപ്പോൾ ശ്രദ്ധ പൂർണമായും ഫാമിൻ്റെ നടത്തിപ്പിലാണ് കേന്ദ്രീകരിക്കുന്നത്. അമ്പതിലധികം ജീവനക്കാർ ഫാമില്‍ ജോലി ചെയ്യുന്നുണ്ട്.
മാജിക്കായത് ബാല്യകാല സ്‌മരണകള്‍:അത്താച്ചി ഫാമിൻ്റെ ചെയർമാൻ രാജു സുബ്രഹ്മണ്യൻ്റെ ഭാര്യയും വൈസ് ചെയർപേഴ്‌സണുമായ ദീപ സുബ്രഹ്മണ്യൻ്റെ ഏറെ നാളത്തെ പരിശ്രമമാണ് മാജിക് റൈസിനെ കേരളത്തിലെത്തിച്ചത്. പിതാവിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ആസാമിലായിരുന്നു അവരുടെ കുട്ടിക്കാലം. വെള്ളത്തിൽ ഇട്ടാൽ വേവുന്ന അരിയുടെ ഓർമ്മയിൽ നിന്നാണ് ആ ഇനം പരീക്ഷിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. ആസാമിൽ നിന്ന് വിത്ത് കണ്ടെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ദീപ സുബ്രഹ്മണ്യൻ്റെ സഹോദരൻ ഡോ.വിശ്വനാഥനാണ് അത്താച്ചി ഫാമിൻ്റെ എംഡി അദ്ദേഹത്തിൻ്റെ ബാല്യകാല ഓർമ്മകളിലും ആസാമിലെ മാജിക് റൈസ് ഉണ്ടായിരുന്നു.
അത്താച്ചിയുടെ തുടക്കവും വിജയവും:ദീർഘകാലമായി ഗൾഫിൽ ജോലി ചെയ്യുന്ന രാജു സുബ്രഹ്മണ്യൻ- ദീപ സുബ്രഹ്മണ്യൻ ദമ്പതികളുടെ സ്വപ്‌ന പദ്ധതിയാണ് അത്താച്ചി ഓർഗാനിക് ഫാം. പട്ടത്തലച്ചിയിലെ വരണ്ട് കിടക്കുന്ന 23 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് 2017ൽ. അത്താച്ചി എന്നാൽ മുത്തശ്ശി. ഏഴ് കൊല്ലം കൊണ്ട് അവിടെയുണ്ടായ മാറ്റം ആരേയും അത്ഭുതപ്പെടുത്തും. 65 ഇനം നെൽവിത്തുകൾ ഇതിനകം ഫാമിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. അത് 365 ലെത്തിക്കാനാണ് ശ്രമം.
നെല്ലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും മറ്റ് കൃഷികളും ഫാമിലുണ്ട്. ഉടമകൾ പാലക്കാട് നൂറണിയിലെ തമിഴ് ബ്രാഹ്മിൻ കുടുംബത്തിൽ നിന്ന് വരുന്നതിനാൽ വെജിറ്റേറിയനിസം കർശനമായി പാലിക്കുന്നുണ്ട്. മത്സ്യ കൃഷിയും കോഴിഫാമും അത്താച്ചി ഫാമിൻ്റെ ഭാഗമാണെങ്കിലും ഭക്ഷണത്തിനായി അവയെയൊന്നും ഉപയോഗിക്കുന്നില്ല. മത്സ്യവും കോഴിയുമെല്ലാം അവിടെ ജീവിച്ച് സ്വാഭാവികമായി ചത്തൊടുങ്ങുന്നു.
ഇത്രയും പാലക്കാട്ടെ അത്താച്ചി ഓര്‍ഗാനിക് ഫാമിലെ വിജയ പരീക്ഷണം. മാജിക് റൈസ് എന്ന് കേട്ട് നാളെ മുതല്‍ 15 മിനിറ്റില്‍ ചോറ് റെഡിയാക്കാമെന്ന് സ്വപ്‌നം കാണാന്‍ വരട്ടെ. ഇനി അഗോനിബോറ റൈസ് എന്ന മാജിക് റൈസ് ഇനം എത്രത്തോളം കേരളത്തിന്‍റെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമാണെന്ന് കൂടി ഒന്ന് ശാസ്ത്രീയമായി തിരക്കാം. കേരളത്തില്‍ ഈ നെല്ലിനം കൃഷി ചെയ്‌ത ഇത് കേരളത്തിന്‍റെ മണ്ണിലും വിളയുമെന്ന് പാലക്കാട്ടെ അത്താച്ചി ഫാം തെളിയിച്ചു കഴിഞ്ഞു.
താരതമ്യേന ഉയരം കുറഞ്ഞ ഈ ഇനം കേരളത്തില്‍ കൗതുകത്തിന് വിളയിക്കാമെന്നല്ലാതെ വന്‍ തോതില്‍ ഉത്‌പാദനം നടത്താനാവില്ലെന്ന് കൃഷി ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഉത്‌പാദന ശേഷി കുറഞ്ഞ ഈയിനം കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണ് പട്ടാമ്പി റീജിയണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനിലെ മുന്‍ മേധാവി ഡോ. നാരായണന്‍ കുട്ടി പറയുന്നത്. എന്നാല്‍ ഉത്പാദന ക്ഷമത കൂട്ടാനുള്ള പഠന ഗവേഷണങ്ങള്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍മാര്‍ തുടരുമെന്നാണ് പ്രതീക്ഷ.