ചമ്മത്തിന് വേണ്ട പരിചണം ലഭിക്കാതെ വരുമ്പോൾ മുഖത്ത് കാണപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്‌സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞ് കൂടുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് രൂപപ്പെടുന്നത്. എല്ലാ വിധ ചർമ്മക്കാരെയും ഇത് ബാധിക്കാറുണ്ട്. സാധാരണമായി മൂക്കിലും തടിയിലുമൊക്കെയാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരാറുള്ളത്. മുഖത്തിന്‍റെ സൗന്ദര്യം നഷ്‌ടപ്പെടുത്താൻ കരണമാകുമെന്നതിനാൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ സഹായിക്കുന്ന ചില ഫലപ്രദമായ മാർഗങ്ങൾ പരിചയപ്പെടാം.
പഞ്ചസാരയും തേനും
ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. അതിനായി ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയിലേക്ക് അൽപം തേനോ, ചെറുനാരങ്ങയോ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്‌സുള്ള ഭാഗങ്ങളിൽ പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
പപ്പായയും അരിപൊടിയും
പപ്പായയും ബ്ലാക്ക് ഹെഡ്‌സ് അകറ്റാനുള്ള മികച്ച മാർഗമാണ്. അതിനായി പഴുത്ത പപ്പായ നല്ലപോലെ ഉടച്ച ശേഷം അതിലേക്ക് പാൽപ്പൊടി, ചെറുനാരങ്ങാ നീര്, അരിപൊടി എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
വെളിച്ചെണ്ണയും മഞ്ഞളും
ബ്ലാക്ക് ഹെഡ്‌സ് മാറ്റാൻ വെളിച്ചെണ്ണയും സഹായിക്കും. അതിനായി ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയിലേക്ക് അതേ അളവിൽ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
ചെറുനാരങ്ങളും കറുവപ്പട്ടയും
കറുവപ്പട്ടയും ചെറുനാരങ്ങയും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന രണ്ട് പദാർഥങ്ങളാണ്. ഇത് ബ്ലാക്ക് ഹെഡ്‌സിന് പുറമെ വൈറ്റ് ഹെഡ്‌സ് നീക്കം ചെയ്യാനും സഹായിക്കും. അതിനായി രണ്ട് ടേബിള്‍ സ്‌പൂൺ വീതം കറുവപട്ട പൊടിയും ചെറുനാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
വാഴപ്പഴവും ഓട്‌സും
ഒരു വാഴപ്പഴം നന്നായി ഉടച്ച ശേഷം ഇതിലേക്ക് രണ്ട് സ്‌പൂൺ ഓട്‌സ് പൊടിച്ച് ചേർക്കുക. ശേഷം ഒരു സ്‌പൂൺ തേൻ കൂടി ചേർത്ത ശേഷം മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്‌ത് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയും ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ സഹായിക്കും. അതിനായി മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുക.
കാപ്പിപ്പൊടിയും വെളിച്ചെണ്ണയും
ഒരു ടേബിൾ സ്‌പൂൺ വീതം കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ഒരു ടീസ്‌പൂൺ നാരങ്ങാ നീരും ചേർത്ത് നാളായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് മൃദുവായി സ്ക്രബ്ബ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read : മുഖക്കുരു വരാതിരിക്കാൻ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ