പങ്കാളികൾ തമ്മിൽ ഒരു തവണ പോലും വഴക്കിടാതെ വരുകയോ ഒന്നിനോടും വിയോജിപ്പ് ഇല്ലാതിരിക്കുകയോ ചെയ്‌താൽ ആ ബന്ധത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് വേണം മനസിലാക്കാൻ. വഴക്കുകൾ ഉണ്ടാകാതിരിക്കുമ്പോഴല്ല തികഞ്ഞ ദാമ്പത്യബന്ധം ഉണ്ടാകുന്നത്. മറിച്ച് ഭാര്യാഭർത്താക്കന്മാർ അവരുടെ വഴക്കുകൾ വിവേകത്തോടെ കൈകാര്യം ചെയ്യുകയും ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്യുമ്പോഴാണ്.
വഴക്ക് ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്‍നം തന്നെയാണ്. എന്നാൽ പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടാനുള്ള ഒരു അവസരം കൂടിയാണ് വഴക്കെന്ന് മനശാസ്ത്രജ്ഞ വിദഗ്‌ധർ പറയുന്നു. എന്നാൽ എല്ലാ ദിവസവും പങ്കാളിയുമായി വഴക്കിടണമെന്നല്ല ഇതിനർത്ഥം. ആരോഗ്യകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ വഴക്കും ആവശ്യമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ദമ്പതികൾക്കിടയിൽ വഴക്ക് ഉണ്ടാകുന്നതിന്‍റെ ഗുണങ്ങൾ
- പലപ്പോഴും പങ്കാളിയോട് വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ മടിക്കുന്നവരാണ് പലരും. എന്നാൽ വഴക്കിടുമ്പോൾ വികാരങ്ങൾ പൂർണമായി പ്രകടിപ്പിക്കാൻ മിക്കവരും ശ്രമിക്കും. അതിനാൽ ഉള്ളിൽ അടക്കിവച്ചിരിക്കുന്ന പല വികാരങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ് വഴക്കിടുമ്പോൾ ലഭിക്കുന്നത്.
- വഴക്കുകൾ ഉണ്ടാകുമ്പോൾ പ്രശ്‌നങ്ങൾ തുറന്നു പറയാൻ പങ്കാളികൾ ശ്രമിക്കും. ഇത് പ്രശ്‌നത്തിന്‍റെ വേരുകൾ കണ്ടെത്താനും പ്രശ്‌നം പരിഹാരിക്കാനും സഹായിക്കും. കൂടാതെ എവിടെയാണ് കുഴപ്പങ്ങൾ സംഭവിക്കുന്നതെന്ന് മനസിലാക്കി മുന്നോട്ട് പോകാനും ഇടയ്ക്കിടെ വഴക്ക് ഉണ്ടാകുന്നത് നല്ലതാണ്.
- ചില ആളുകൾ അഭിപ്രായ വ്യത്യസങ്ങൾ തുറന്ന് പറയാൻ മടിക്കുന്നവരാണ്. എന്നാൽ വഴക്കുകൾ ഉണ്ടാകുമ്പോൾ പലരും അഭിപ്രായങ്ങൾ തുറന്ന് പറയുന്നു. ഇത് പങ്കാളിയ്ക്ക് നിങ്ങളുടെ ഇഷ്‌ടങ്ങളും ഇഷ്‌ടക്കേടുകളും മനസിലാക്കാൻ സഹായിക്കും
- പങ്കാളികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും കേൾക്കാനുമുള്ള അവസരമാണ് വഴക്കിലൂടെ ലഭിക്കുന്നത്. ഇത് പരസ്‌പര ധാരണ വർദ്ധിപ്പിക്കാൻ സഹായിക്കും
- വഴക്കുണ്ടാകുമ്പോൾ പങ്കാളികൾക്ക് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ബന്ധം കൂടുതൽ ശക്തമാക്കാനും പരസ്‌പര വിശ്വാസവും ധാരണയും വർദ്ധിപ്പിക്കാനും സഹായിക്കും.
- ബന്ധങ്ങളുടെ കെട്ടുറപ്പിന് വഴക്കുകൾ സഹായിക്കും. ഇത് കൂടാതെ വ്യക്തിത്വ വികസനത്തിനും ഇടക്കിടെ വഴക്ക് ആവശ്യമാണ്. പങ്കാളിയുമായി തർക്കിക്കുമ്പോൾ, നമ്മളെയും നമ്മുടെ ബലവും പരിമിതികളും നന്നായി മനസിലാക്കാൻ സാധിയ്ക്കും. അത് ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും.
- ചില സാഹചര്യങ്ങളിൽ ഉത്കണ്‌ഠ, സമ്മർദം എന്നിവ കുറയ്ക്കാൻ വഴക്കിലൂടെ സാധിക്കാറുണ്ട്. വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ സ്‌ട്രെസ് കുറയുകയും മനസിന് വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്‌ധരുടെ നിർദേശം തേടേണ്ടതാണ്.
Also Read: പങ്കാളിയ്ക്ക് നിങ്ങളോട് മടുപ്പ് തോന്നുന്നുണ്ടോ ? തിരിച്ചറിയാനുള്ള വഴികൾ ഇതാ