ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ പുണ്യമാസമായ റമദാനിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. ആത്മീയത വര്‍ധിപ്പിക്കാനും ചെയ്‌തു പോയ പാപങ്ങള്‍ കഴുകിക്കളയാനും സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കാനും മുസ്‌ലിം വിശ്വാസികള്‍ ഈ പ്രത്യേക മാസത്തെ തെരഞ്ഞെടുക്കുന്നു. സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പ്രതിഫലം ഈ മാസം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
അറബിക് കലണ്ടര്‍ പ്രകാരം റമദാൻ അല്ലെങ്കില്‍ റമളാൻ എന്ന മാസത്തില്‍ വ്രതം എടുക്കുന്നതിനാണ് മുസ്‌ലിം വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനുകൂടെ മറ്റ് സല്‍കര്‍മങ്ങളില്‍ മുഴുകുകയും തിന്മകളെ എന്നന്നേക്കുമായി അകറ്റുകയും ചെയ്യുന്നു. മസ്‌ജിദുകളും ഈ മാസം പ്രാര്‍ഥനകളാല്‍ മുഖരിതമാകും.
എന്ന് മുതലാണ് ഈ പ്രാവശ്യം റമദാൻ 2025 ആരംഭിക്കുന്നത്?
സൗദി അറേബ്യ, യുഎഇ, ഖത്തര്‍ ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളിലും മാർച്ച് 1 ശനിയാഴ്‌ച റമദാൻ 2025 വ്രതം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്‌ത്രജ്ഞരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 1446 ലെ ശഅബാൻ 29 ന് സമാനമായി ഫെബ്രുവരി 28 വെള്ളിയാഴ്‌ച സൂര്യാസ്‌തമയത്തിനുശേഷം മാസപ്പിറവി ദൃശ്യമാകുമെന്നും ഇതുപ്രകാരം വ്രതം ആരംഭിക്കുമെന്നും എമിറേറ്റ്സ് ജ്യോതിശാസ്‌ത്ര സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് ജ്യോതിശാസ്‌ത്ര അംഗവുമായ ഇബ്രാഹിം അൽ-ജർവാൻ പറഞ്ഞു.
Representative Image (getty) മാസപ്പിറവി എപ്പോള്‍ ദൃശ്യമാകും?
അൽ-ജർവാന്‍റെ അഭിപ്രായത്തില്‍ ഫെബ്രുവരി 28 വെള്ളിയാഴ്‌ച യുഎഇ സമയം പുലർച്ചെ 4.45 ന് സൂര്യനും ചന്ദ്രനും സംഗമിച്ചതിന് ശേഷം അമാവാസി പിറവിയെടുക്കും. ആ ദിവസം സൂര്യാസ്‌തമയമാകുമ്പോൾ, ചന്ദ്രൻ 6 ഡിഗ്രി ഉയരത്തിലായിരിക്കും. സൂര്യാസ്‌തമയത്തിന് 31 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്‌തമിക്കും, ഇതിനുശേഷം മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും ജ്യോതിശാസ്‌ത്രത്തിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം വ്യക്തമാക്കി.
റമദാൻ ഒന്ന് മാർച്ച് 1 ശനിയാഴ്‌ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എങ്കിലും അറബ് രാജ്യങ്ങളില്‍ മാസപ്പിറവി ദൃശ്യമാകുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഭരണകൂട അധികാരികളാണ് അന്തിമ തീരുമാനം എടുക്കുക.
Representative Image (getty) ഇന്ത്യയില്‍ എന്ന് മുതലാണ് റമദാൻ 2025 വ്രതം ആരംഭിക്കുന്നത്?
ഇന്ത്യയിലും ഫെബ്രുവരി 28 വെള്ളിയാഴ്‌ച രാത്രിയോടെ റമദാൻ ആരംഭിക്കുമെന്നും വ്രതാരംഭം മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും കണക്കുകൂട്ടുന്നു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മതപണ്ഡിതരാകും അന്തിമ തീരുമാനം എടുക്കുക. അറബ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ വ്യത്യാസം ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.
വ്രത സമയം എത്ര ആയിരിക്കും?
രാവിലെ സുബ്‌ഹ് (പ്രഭാത നമസ്‌കാരം) ബാങ്ക് മുതല്‍ വൈകിട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്‌തമയ നമസ്‌കാരം) വരെയാണ് മുസ്‌ലിം വിശ്വാസികള്‍ വ്രതം എടുക്കുന്നത്. ആകെ 13 മണിക്കൂറാകും വ്രതത്തിന്‍റെ സമയമെന്നും അൽ-ജർവാൻ വ്യക്തമാക്കി. ഈ പ്രാവശ്യം 30 ദിവസം വ്രതം എടുക്കാനുള്ള ഭാഗ്യം വിശ്വാസികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.