നിരവധി ആളുകളെ അലട്ടുന്ന ഒരു ഹോർമോൺ പ്രശ്‌നമാണ് തൈറോയ്‌ഡ്. കഴുത്തിന്‍റെ മുൻഭാഗത്ത് ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ഇത്. ശരീരത്തിന്‍റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയാണ്. എന്നാൽ ഹോർമോൺ ഉത്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനം പലതരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരഭാരം പെട്ടന്ന് കൂടുകയും കുറയുകയും ചെയ്യുന്നത് തൈറോയിഡിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തൈറോയ്‌ഡ് രോഗങ്ങൾ അധികമായി കണ്ടുവരുന്നത്. പിസിഒഡി, സമ്മർദ്ദം, ഉത്കണ്‌ഠ, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾ തൈറോയ്‌ഡ് കാരണം ഉണ്ടാകുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ, ശരീരത്തിന്‍റെ വളർച്ച, വികാസം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഗ്രന്ഥി കൂടിയാണ് ഇത്. ജീവിതശൈലിൽ ഉണ്ടാകുന്ന മാറ്റം, പോഷകാഹാര കുറവ്, അയഡിൻ്റെ കുറവ് എന്നിവ തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തുന്നതിനായി ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഒരു തൈറോയ്‌ഡ് രോഗിയാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ബെറികൾ
തൈറോയ്‌ഡ് പ്രശ്‌നങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളാണ് ബ്ലൂബെറി, റാസ്‌ബെറി, സ്ട്രോബെറി തുടങ്ങിയവ. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബെറികളിലെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫ്രീ റാഡിക്കലുകൾ എന്നിവയുണ്ടാക്കുന്ന പ്രശ്‌നത്തിൽ നിന്ന് തൈറോയ്‌ഡ് ഗ്രന്ഥിയെ സംരക്ഷിക്കന്നു.
തേങ്ങ
തൈറോയ്‌ഡ് രോഗികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് തേങ്ങാ. ഇതിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും മീഡിയം ചെയിൻ ഫാറ്റി ആസിഡുകളും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനും തേങ്ങ ഗുണം ചെയ്യും.