കേരളം

kerala

ETV Bharat / international

തൊഴിലാളിവര്‍ഗ നേതാവില്‍ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയിലേക്ക്: ആരാണ് കെയ്‌ര്‍ സ്റ്റാര്‍മര്‍? അദ്ദേഹത്തിന്‍റെ വിജയം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? - Who is Keir Starmer

ബ്രിട്ടനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നതായിരുന്നു കെയ്‌ര്‍ സ്റ്റാര്‍മറിന്‍റെ പ്രകടനപത്രികയില്‍ ഇന്ത്യന്‍ സമൂഹത്തോടുള്ള വാഗ്‌ദാനം. അതേസമയം തന്‍റെ പ്രചാരണത്തിനിടെ ഹിന്ദുഫോബിയയെ ശക്തമായി അപലപിച്ച ലേബര്‍ പാര്‍ട്ടി അദ്ദേഹം ഇന്ത്യന്‍ ആഘോഷങ്ങളായ ഹോളി, ദീപാവലി തുടങ്ങിയവ കൊണ്ടാടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു.

By ETV Bharat Kerala Team

Published : Jul 5, 2024, 3:27 PM IST

UK ELECTION  LABOUR LEADER TO BE NEXT UK PM  VICTORY MEAN FOR INDIA  ലേബര്‍ പാര്‍ട്ടി
നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍സ്റ്റാര്‍മറും ഭാര്യ വിക്‌ടോറിയയും (AP)

ന്യൂഡല്‍ഹി : ബ്രിട്ടനിലെ പ്രധാനപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 2024 ഇക്കുറി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. പതിനാല് കൊല്ലം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തേരോട്ടം അവസാനിപ്പിച്ച് കൊണ്ടാണ് ലേബറിന്‍റെ ശക്തമായ ഈ തിരിച്ച് വരവ്.

കെയ്‌ര്‍ സ്റ്റാര്‍മര്‍ ആകും രാജ്യത്തെ അടുത്ത പ്രധാനമന്ത്രി. നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ഋഷി സുനകിനെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച് കൊണ്ടാണ് സ്റ്റാര്‍മറുടെ സ്ഥാനാരോഹണം. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രി ആയിരുന്നു ഇന്ത്യക്കാരനായ ഋഷി സുനക്. ഇന്ത്യയ്ക്ക് വേണ്ടി വിവിധ നയങ്ങള്‍ അദ്ദേഹം കൊണ്ടു വരികയും ചെയ്‌തു.

ബ്രിട്ടനിലെ അധികാര രാഷ്‌ട്രീയത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യയെ എങ്ങനെയാകും ബാധിക്കുക? ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് അത് എന്ത് സ്വാധീനമാകും ഉണ്ടാക്കുക? പരിശോധിക്കാം.

ഇന്ത്യ ഒരു ലോകസാമ്പത്തിക ശക്തിയായി കുറിക്കുന്നതിനിടെയാണ് ബ്രിട്ടനില്‍ ഭരണമാറ്റം ഉണ്ടായിരിക്കുന്നത്. ലോകം ഒരു പുത്തന്‍ ക്രമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇന്തോ - പസഫിക് മേഖലയിലെ അധികാര സംഘത്തില്‍ ഇന്ത്യ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ലേബര്‍ പാര്‍ട്ടിയുടെ ചരിത്ര വിജയത്തില്‍ താന്‍ അവരെ അഭിനന്ദിക്കുന്നുവെന്നാണ് രാജ്യാന്തര സാമ്പത്തിക വിദേശ നയ വിദഗ്‌ധന്‍ ഡോ.സുവ്രോകമല്‍ ദത്ത പ്രതികരിച്ചത്. ഇന്ത്യ പുതിയ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് വളരെയൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും തീരെ പ്രതീക്ഷകള്‍ ഇല്ലാതെയുമില്ല. മുന്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരുകള്‍ ചൈനയും ബ്രിട്ടനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു.

അതിന് ശേഷം രാജ്യാന്തര രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുകയും തന്ത്രപരമായ ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്തെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകളില്‍ വലിയ മാറ്റമൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ല. പാകിസ്ഥാന്‍ ആകെ തകര്‍ന്നു. ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായി. ലേബര്‍ പാര്‍ട്ടിയുടെ പുതിയ പ്രധാനമന്ത്രിക്ക് മാറിയ ലോകക്രമത്തെക്കുറിച്ച് നിശ്ചയമുണ്ട് എന്നതാണ് ആശ്വാസം പകരുന്ന കാര്യം. പുത്തന്‍ ഭരണത്തിന്‍റെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷയെന്നും ദത്ത ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് തെരഞ്ഞെടുപ്പും ഇന്ത്യയുമായുള്ള ബന്ധവും :ഇന്ത്യയുമായുള്ള ഒരു പുത്തന്‍ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള താത്പര്യം കെയ്‌ര്‍ സ്റ്റാര്‍മര്‍ തന്‍റെ പ്രകടന പത്രികയില്‍ സൂചിപ്പിച്ചിരുന്നു. ബ്രിട്ടീഷ് - ഇന്ത്യ ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കശ്‌മീര്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്.

സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാനം, സുരക്ഷ, സാങ്കേതിക മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയും പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ അതിവേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ശക്തിയാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പ്രകടന പത്രികയ്ക്ക് വഴി വച്ചത്.

കെയ്‌ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയോടെങ്ങനെ :ബ്രിട്ടീഷ് രാഷട്രീയക്കാരനായ കെയ്ര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടി നേതാവും 2020 ഏപ്രില്‍ മുതല്‍ രാജ്യത്തെ പ്രതിപക്ഷ നേതാവുമാണ്. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് പ്രശസ്‌തനായ അഭിഭാഷകനായിരുന്നു അദ്ദേഹം. ഡയറക്‌ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ്, 2008 മുതല്‍ 20213 വരെ ക്രൗണ്‍ പ്രോസിക്യൂഷന്‍സ് തലവന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.

1962 സെപ്റ്റംബര്‍ രണ്ടിന് ജനിച്ച അദ്ദേഹം റിഗാറ്റ ഗ്രാമര്‍ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ലീഡ്‌സ് സര്‍വകലാശാലയില്‍ നിയമപഠനം നടത്തി. 2015 മുതല്‍ ഹോള്‍ബോണ്‍, പാന്‍ക്രാസ് മണ്ഡലങ്ങളെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു സ്റ്റാര്‍മര്‍. കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് ഒരു മികച്ച ബദലാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

ബ്രിട്ടനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രകടനപത്രികയില്‍ ഊന്നിപ്പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് വര്‍ധിച്ച് വരുന്ന ഹിന്ദു ഫോബിയയെ അദ്ദേഹം അപലപിച്ചു. ഹോളി, ദീപാവലി തുടങ്ങിയവ ആഘോഷിക്കേണ്ടതിന്‍റെ പ്രാധാന്യവും തന്‍റെ പ്രചാരണങ്ങളില്‍ അദ്ദേഹം എടുത്ത് കാട്ടി. ബ്രിട്ടീഷ് - ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഇതൊക്കെ സഹായകമാകുമെന്നാണ് സ്റ്റാര്‍മറുടെ വിശ്വാസം. ഇത് പരസ്‌പര വികസനത്തിനും വളര്‍ച്ചയ്ക്കും സഹായകമാകുമെന്നും അദ്ദേഹം കരുതുന്നു.

Also Read:യുകെ പൊതുതെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയുടെ മുന്നേറ്റത്തിൽ മലയാളി സ്ഥാനാർഥി എറിക് സുകുമാരനും കാലിടറി

ABOUT THE AUTHOR

...view details