കേരളം

kerala

ETV Bharat / international

ട്രംപ് ഭരണകൂടത്തിന്‍റെ താക്കോൽ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനോ; ആരാണ് കശ്യപ് പാട്ടീല്‍ ? - WHO IS KASHYAP PATEL

അമേരിക്കയുടെ സിവിലിയൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവനായി ട്രംപിന്‍റെ വിശ്വസ്‌തൻ എന്നറിയപ്പെടുന്ന കശ്യപിനെ നിയമിച്ചേക്കും എന്നാണ് അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകള്‍.

CIA CHIEF KASHYAP PATEL  AMERICA CIA CHIEF UNDER TRUMP  TRUMP INDIA RELATION  INDIANS ON AMERICAN KEY POSITIONS
KASHYAP PATEL (AP)

By ETV Bharat Kerala Team

Published : Nov 7, 2024, 3:34 PM IST

ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി മടങ്ങിയെത്തുമ്പോൾ രാജ്യത്തിന്‍റെ താക്കോൽ സ്ഥാനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ലോകം. ട്രംപിന്‍റെ രണ്ടാം വരവിൽ പലരുടെയും കസേരകൾ തെറിക്കുമെന്നും അവിടെ പുതുമുഖങ്ങളെ നിയമിക്കുമെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കൂട്ടത്തിൽ പറഞ്ഞു കേൾക്കുന്ന ഒരു ഇന്ത്യൻ പേരാണ് കശ്യപ് പട്ടേൽ.

കശ്യപിന്‍റെ നിയമനം എവിടേക്കാണെന്ന് കേൾക്കുമ്പോൾ പലരും ഞെട്ടും, കാരണം ലോകമെമ്പാടും വാർത്തകളിൽ നിറയാറുള്ള ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ തലവനായാണ് 'കാഷ് പട്ടേൽ' എന്നറിയപ്പെടുന്ന കശ്യപിന്‍റെ നിയമനം. അമേരിക്കയുടെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമായ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി, അഥവാ സിഐഎയുടെ തലവനായി ട്രംപിന്‍റെ വിശ്വസ്‌തൻ എന്നറിയപ്പെടുന്ന കശ്യപിനെ നിയമിച്ചേക്കും എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

44 കാരനായ കശ്യപിനെ ഒന്നാം ട്രംപ് ഭരണകൂടം സിഐഎ തലവനായി പരിഗണിച്ചിരുന്നു. എന്നാൽ അന്നത് നടക്കാതെ പോയി. പിന്നീട് ട്രംപിന് ഭരണത്തുടർച്ച ലഭിക്കാതെ വന്നതോടെ അത് അടഞ്ഞ അധ്യായമായി. എന്നാൽ ഇപ്പോൾ ട്രംപ് വൻ വിജയത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നതോടെ കശ്യപിന് മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങുകയാണ്.

കശ്യപിന്‍റെ ഇന്ത്യന്‍ ബന്ധം

ഉഗാണ്ടയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായി 1980 ഫെബ്രുവരി 25 നാണ് കശ്യപ് പട്ടേലിന്‍റെ ജനനം. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് കശ്യപിന്‍റെ പൂർവികർ ഉഗാണ്ടയിലേക്ക് കുടിയേറിയത്. പിൽക്കാലത്ത് റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ കശ്യപ് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം നിയമ ബിരുദവും നേടി.

ട്രംപിന്‍റെ വിശ്വസ്ഥന്‍

അടിയുറച്ച ട്രംപ് അനുകൂലിയായാണ് കശ്യപ് അറിയപ്പെടുന്നത്. ട്രംപിനുവേണ്ടി എന്തു ചെയ്യാനും തയ്യാറുള്ളയാൾ എന്നും, അദ്ദേഹത്തിന്‍റെ ഏറ്റവുമടുത്ത വിശ്വസ്‌തൻ എന്നും ലേബലുള്ള കശ്യപ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഹൗസ് സ്‌റ്റാഫറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടത്തിനു കീഴിലെ പ്രതിരോധ ഇന്‍റലിജൻസ് മേഖലയിലെ പല ഉയർന്ന തസ്‌തികകളിലും കശ്യപ് തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട്.

മുൻ ആക്‌ടിങ് ഡിഫൻസ് സെക്രട്ടറി ക്രിസ്‌റ്റഫർ മില്ലറിന്‍റെ ചീഫ് ഓഫ് സ്‌റ്റാഫ്‌ അയതാണ് ഇതിൽ എടുത്തുപറയേണ്ടത്. ആദ്യ ട്രംപ് ഭരണകൂടത്തിന്‍റെ കാലയളവിൽ പരിചയസമ്പന്നരായ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വരെ പട്ടേൽ ശത്രുത നേരിട്ടിരുന്നു. പലരും കശ്യപിനെ എടുത്തുചാട്ടക്കാരനും പ്രസിഡൻ്റിനെ പ്രീതിപ്പെടുത്താൻ തക്കം പാർത്തിരിക്കുന്നവനുമായി വിലയിരുത്തി. എന്നാൽ എതിരാളികളെയെല്ലാം വകഞ്ഞു മാറ്റി കശ്യപ് ഉന്നതങ്ങളിലേക്ക് ഉയർന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കശ്യപ് പ്രസിഡന്‍റിന്‍റെ ഡെപ്യൂട്ടി അസിസ്‌റ്റൻ്റും, ദേശീയ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ സീനിയർ ഡയറക്‌ടറുമായി സേവനമനുഷ്‌ഠിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലിൽ നൽകിയിട്ടുള്ള വിശേഷണം. ആ പദവികളിലിരുന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പല നിർണായക നീക്കങ്ങൾക്കും കശ്യപ് പട്ടേൽ ചുക്കാൻ പിടിച്ചു.

അൽ ബാഗ്‌ദാദി, ഖാസിം അൽ-റിമി തുടങ്ങിയവരെ വകവരുത്തി ഐഎസിനെയും അൽ-ഖായിദ നേതൃത്വത്തെയും ഉന്മൂലനം ചെയ്‌തതും അമേരിക്കൻ ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിച്ചതും ഇതില്‍ ചിലതുമാത്രമാണ്.

Also Read:അമേരിക്കയില്‍ വെന്നിക്കൊടി പാറിച്ച് 6 ഇന്ത്യൻ വംശജര്‍; ആരാണ് ആ പ്രമുഖര്‍? അറിയാം വിശദമായി

ABOUT THE AUTHOR

...view details