തൃശൂര്‍ : ക്രിസ്‌മസ് ന്യൂ ഇയർ വിപണി കീഴടക്കുകയാണ് തൃശൂരിന്‍റെ സ്വന്തം ജയിൽ കേക്കുകൾ. വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് യൂണിറ്റിലാണ് രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേക്കുകളുടെ നിർമാണം. മറ്റു സെൻട്രൽ ജയിലുകളിലും ഫുഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേക്ക് നിർമാണം വിയ്യൂർ ജയിലിൽ മാത്രമാണുളളത്.
വിപണിയിൽ ലഭിക്കുന്ന കേക്കുകളിൽ ഭൂരിഭാഗവും എസൻസുകളും, പ്രിസർവേറ്റീവുകളും ചേർത്ത് നിർമിക്കുമ്പോൾ, വിയ്യൂരിലേത് യഥാർഥ പഴങ്ങൾ ചേർത്തും, പ്രിസർവേറ്റീവുകളും, ആല്‍ക്കഹോളും ചേർക്കാതെയുമാണ് നിർമാണം. അതുകൊണ്ടു തന്നെ ഈ കേക്കുകൾക്ക് മൂന്ന് ദിവസം മാത്രമാണ് കാലാവധി. എന്നിരുന്നാലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണ് ഈ കേക്കുകൾ.
ബനാന, ഗ്രേപ്പ്, കാരറ്റ് എന്നീ മൂന്ന് ഫ്രൂട്ട് കേക്കുകൾ ക്രിസ്‌മസ്, ന്യൂ ഇയർ സീസൺ പ്രമാണിച്ചും പ്ലം കേക്കുകൾ സ്ഥിരമായും ഇവിടെ നിർമിക്കുന്നുണ്ട്. ജയിലിനു മുന്നിലെ ഫ്രീഡം ഫുഡ് ഷോപ്പിലൂടെയാണ് വിൽപന. സീസണിൽ പ്രതിദിനം 50,000 രൂപയുടെ കേക്കുകൾ വിൽപന നടത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ തൃശൂർ കോർപ്പറേഷന് മുന്നിലെത്തുന്ന ജയിൽ വകുപ്പിന്‍റെ ഡെലിവറി വാനിൽ നിന്നും പൊതുജനങ്ങൾക്ക് കേക്കുകൾ വാങ്ങാം. പ്രത്യേക പരിശീലനം ലഭിച്ച തടവുകാരാണ് കേക്ക് നിർമാണത്തിന് പിന്നിലെന്ന് അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ട് ഹാരിസ് പറഞ്ഞു. സർക്കാരിന്‍റെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഫ്രീഡം ഫുഡ് യൂണിറ്റിന്‍റെ പ്രവർത്തനം. ഈ മാസം മാത്രം മൂന്ന് ടൺ കേക്ക് ഉത്പാദിപ്പിച്ച് വിപണനം നടത്താനാകും എന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവച്ചു.
Also Read: ക്രിസ്‌മസ് ആഘോഷത്തിന് 'ബിഗ്ബോസും' 'ലണ്ടൻ ലവ്വും'; മധുരം പകര്‍ന്ന് കേക്ക് വിപണി