തിരുവനന്തപുരം : മരച്ചീനി അഥവാ കപ്പ അഥവാ കിഴങ്ങ് നടാന്‍ എളുപ്പമാണ്. നിലമൊരുക്കിയ ശേഷം ഉയര്‍ത്തി കൂമ്പാരമാക്കിയ തടത്തില്‍ അല്‍പം വെണ്ണീറ് കൂടി വിതറി മരച്ചീനി തണ്ട് മുറിച്ചെടുത്ത് നടുന്നതാണ് നാടന്‍ ശൈലി. പക്ഷേ പാകമായ മരച്ചീനി വിളവെടുക്കുന്നത് വലിയ സാഹസമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വേനല്‍ക്കാലമാണെങ്കില്‍ ഇളകിയമണ്ണ് കൂടെ ഇല്ലെങ്കില്‍ മരച്ചീനി വിളവെടുപ്പിന് ഏറെ വിയര്‍ക്കേണ്ടി വരും.
ഒന്നോ രണ്ടോ മൂട് മരച്ചീനി നടുന്നതു പോലെയല്ല വന്‍ കൃഷിയിടങ്ങളില്‍. ഇവിടെ മരച്ചീനി വേനല്‍ക്കാല വിളവെടുപ്പിന് വലിയ കായികാധ്വാനം ആവശ്യമുണ്ട്. കര്‍ഷകരുടെ ഈ പ്രയാസം മനസിലാക്കിയാണ് തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ പരിഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആശ്വാസമാകാന്‍ അന്നവും മന്നയും : ശ്രീ അന്നം എന്ന പുതിയ ഇനം മരച്ചീനിയാണ് കര്‍ഷകരുടെ വിളവെടുപ്പ് ലഘൂകരിക്കാന്‍ സിടിസിആര്‍ഐയിലെ ഗവേഷക ഡോ. സൂസന്‍ ജോണിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പുറത്തിറക്കിയിരിക്കുന്നത്. വേനല്‍ക്കാലത്തും കൃഷി ചെയ്യാമെന്ന പ്രത്യേകത ഈ ഇനത്തിനുണ്ട്. വരള്‍ച്ചയെ അതിജീവിക്കുന്ന ഇനമാണ് ശ്രീ അന്നം. അധികം ആഴത്തിലേക്ക് ഇറങ്ങില്ലെന്നതിനാല്‍ വിളവെടുപ്പിന് ഏറെ അധ്വാനം വേണ്ടി വരില്ല. 9 മുതല്‍ പത്തു മാസത്തിനകം ഈ ഇനം വിളവെടുപ്പിന് പാകമാകും.
മറ്റനവധി പ്രത്യേകതകളും ഉള്ള ഇനമാണ് ശ്രീ അന്നം. അല്‍പ്പം മധുരിക്കുന്ന ഇനം മരച്ചീനിയാണിത്. കിഴങ്ങിന് മഞ്ഞ നിറമാണ്. കരോട്ടിന്‍ സമൃദ്ധമാണ്. പാചകത്തിന് അനുയോജ്യവും. വിളവെടുത്ത് കഴിഞ്ഞാല്‍ ഏഴ് ദിവസം വരെ കേടുകൂടാതെ മുറിച്ച് വെയ്ക്കാം എന്നതും സവിശേഷതയാണ്. മരച്ചീനിത്തണ്ടിലെ മുഴകള്‍ അടുത്തടുത്തായത് കൊണ്ട് തന്നെ നടീലിന് കമ്പുകള്‍ സജ്ജമാക്കാന്‍ സൗകര്യമേറെയാണ്. ഒരു കമ്പില്‍ നിന്ന് തന്നെ കൂടുതല്‍ നടീല്‍ വസ്‌തുക്കള്‍ കിട്ടും. രോഗ പ്രതിരോധ ശേഷിയും ഇതിന് കൂടുതലാണ്. പൊതുവേ മരച്ചീനിച്ചെടികളില്‍ കാണാറുള്ള മൊസൈക്ക് രോഗത്തെ ഇത് ഫലപ്രദമായി അതിജീവിക്കുന്നു. കടും മഞ്ഞ തോലുള്ള ശ്രീ അന്നം മരിച്ചീനി മധ്യതിരുവിതാംകൂറില്‍ കാണപ്പെടുന്ന മരിച്ചീനികളില്‍ നിന്നും വികസിപ്പിച്ചതാണ്.
വിളവെടുപ്പിന് ശേഷം ദീര്‍ഘകാലം ഇത് സൂക്ഷിക്കാനാകും. ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി വളരാത്ത ശ്രീ അന്നം വേനലില്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിളവെടുപ്പ് എളുപ്പമാക്കുമെന്നും സൂസന്‍ പറയുന്നു. ഒരു വിളവെടുപ്പ് കാലത്ത് ധാരാളം ഇല കൊഴിയുന്നതിനാല്‍ വരള്‍ച്ചാ പ്രതിരോധവും ശ്രീ അന്നത്തിൻ്റെ പ്രത്യേകതയാണ്. പുതുതായി വികസിപ്പിച്ച ഇനങ്ങളുടെ പോഷക ഉപയോഗത്തിലെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ 2008 മുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണ്.
വാണിജ്യ മികവ് ലക്ഷ്യമിട്ട് വികസിപ്പിച്ച പിങ്ക് നിറത്തിലുള്ള തോലും വെളുത്ത ഉള്ളറകളുമുള്ള ശ്രീ മന്ന മരിച്ചീനിക്ക് സാധാരണ ഇനത്തെക്കാള്‍ നീളം കൂടുതലായിരിക്കും. ഇതും 9 മുതല്‍ പത്തുമാസത്തിനിടെ വിളവെടുപ്പിന് പാകമാകുന്നവയാണ്. നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ പോഷകവും മരിച്ചീനി വിളകള്‍ക്ക് അത്യാവശ്യമാണ്. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷക ഡോ.സൂസന്‍ ജോണിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നീണ്ട പതിനാറ് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന 2 പുത്തന്‍ മരിച്ചീനി ഇനങ്ങളെയാണ് സൂസന്‍ ജോണിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേകതകള്‍ ഏറെ : മരിച്ചീനിയില്‍ ചെറിയ തോതില്‍ സയനേഡിൻ്റെ അളവിന് കാരണമാകുന്ന സൈനോജന്‍ എന്ന കെമിക്കല്‍ ഘടകവും ശ്രീ അന്നം, ശ്രീ മന്ന എന്നീ പുതിയ മരിച്ചീനി ഇനങ്ങളില്‍ കുറവാണ്. ഒരു ഹെക്‌ടറിലെ മരിച്ചീനി കൃഷിക്ക് ആവശ്യമായ നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ 25 ശതമാനം മാത്രം മണ്ണിന് വളമായി നൽകിയാല്‍ 30 മുതല്‍ 40 ടണ്‍ വരെ വിളവെടുപ്പ് തരുന്ന ഇനങ്ങളാണ് രണ്ടുമെന്ന് സൂസന്‍ ജോണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 9 മുതല്‍ 10 മാസത്തിനുള്ളില്‍ പുത്തന്‍ ഇനങ്ങളെ വിളവെടുക്കാം. വളരെ പെട്ടെന്നും മൃദുവായും വേവുന്ന പുതിയ ഇനങ്ങള്‍ക്ക് മധുരം കൂടുതലാണെന്നും സൂസന്‍ ജോണ്‍ വ്യക്തമാക്കി.
മരിച്ചീനി വിളകളെ ഗുരുതരമായി ബാധിക്കുകയും കര്‍ഷകരുടെ പേടി സ്വപ്‌നവുമായ ഇലകളില്‍ പടരുന്ന വൈറസ് രോഗമായ കസാവ മൊസേയ്ക്ക് രോഗ പ്രതിരോധവും പുത്തന്‍ ഇനങ്ങളുടെ പ്രത്യേകതയാണ്. പുതിയ ഇനങ്ങളില്‍ കീടങ്ങളുടെ ശല്യവും കര്‍ഷകര്‍ക്ക് ബാധ്യതയാകില്ല. താരതമ്യേന വളര്‍ച്ചയ്ക്ക് മണ്ണില്‍ നിന്നും കുറച്ചു പോഷകങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഈ ഇനങ്ങളുടെ വരള്‍ച്ചാ പ്രതിരോധ ശേഷിയും ഉത്പാദം പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കും.
വര്‍ഷം മുഴുവന്‍ വിളയിറക്കാമെന്ന പ്രത്യേകതയുമുണ്ട്. ശ്രീ അന്നം, ശ്രീ മന്ന വിളകള്‍ കൂടുതല്‍ ഭക്ഷ്യയോഗ്യമാണെന്നും ഡോ. സൂസന്‍ ജോണ്‍ വ്യക്തമാക്കി. നിലവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പുതിയ ഇനങ്ങള്‍ വിതരണം ചെയ്‌ത് തുടങ്ങിയിട്ടില്ല. ഏറെ വൈകാതെ കര്‍ഷകര്‍ക്ക് ഈ പുതിയ മരച്ചീനി ഇനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം (CTCRI). കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 259 8551
Also Read: കൂൺ കൃഷി ചെയ്യുന്ന ടീച്ചറും കുട്ട്യോളും; പയ്യന്നൂർ കോളജിലെ ബോട്ടണി ലാബില്‍ വിരിഞ്ഞ 'മെറി മഷ്‌റൂം'