ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 7 മുതല്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഉടലെടുത്തത്. പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും ലെബനനും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പലസ്തീനുമേല്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചതിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്‌ബുള്ളയും, ഇറാനും, ഹൂത്തികളും, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂലികൾ രംഗത്തെത്തിയതും, ഇസ്രായേലിലേക്ക് വ്യോമാക്രണങ്ങള്‍ നടത്തിയതുമാണ് പശ്ചിമേഷ്യയെ നിലവില്‍ യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 400ല്‍ അധികം ബാലിസ്‌റ്റിക് മിസൈലുകള്‍ ഇറാൻ ഇസ്രായേലിലേക്ക് അയച്ചത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും, പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു.
ഈ വർഷം ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രത്തിലെ ഏഴ് ഇറാനിയൻ ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥരെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാൻ നിർബന്ധിതരായത്. ഇറാൻ ഭരണകൂടത്തിന്‍റെ ശക്തി തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇസ്രായേലിനെ ഇറാൻ തിരിച്ചടിച്ചത്. അതേസമയം, ഇറാന്‍റെ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങളിലേക്ക് നയിച്ചിരുന്നുവെങ്കില്‍ പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിപ്പിക്കുകയും മറ്റൊരുതലത്തിലേക്ക് എത്തുകയും ചെയ്യുമായിരുന്നു.
300 മിസൈലുകള്‍ തൊടുത്ത് ഇറാൻ ആക്രമണം, തിരിച്ചടിച്ച് ഇസ്രായേല്‍
ഏപ്രിൽ 13ന് ഇറാൻ ഇസ്രായേലിലേക്ക് 300ലധികം മിസൈലുകളും ഡ്രോണുകളുമായി ആക്രമണം നടത്തിയതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാൻ കാരണമായത്. സൈനിക താവളങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇറാൻ അന്ന് മുന്നറിയിപ്പ് നൽകിയത്. വലിയ സംഘര്‍ഷം ഉണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യം, മറിച്ച് ഇസ്രായേലിന്‍റെ സൈനിക കേന്ദ്രങ്ങളും ശേഷിയും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ ഭരണകൂടം അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇറാന്‍റെ വ്യോമാക്രമണമെല്ലാം പ്രതിരോധിച്ചെന്നും പല ഡ്രോണുകളും മിസൈലുകളും തകര്‍ത്തെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭരണകൂടം രംഗത്തെത്തിയിരുന്നു.
ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ കൊലപ്പെടുത്തിയത് ഉൾപ്പെടെ ലെബനനിലെ സമീപകാല ഇസ്രായേൽ ആക്രമണങ്ങൾ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വീണ്ടും ആളിക്കത്തിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയ നിമിഷത്തില്‍ ഇറാൻ പ്രതികരിച്ചിരുന്നില്ല. ഇറാന്‍റെ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനൊപ്പം ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതും ലെബനനിലേക്ക് ഇസ്രായേൽ നടത്തിയ കര ആക്രമണവുമാണ് ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാനെ നിര്‍ബന്ധിതരാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക