കീവ്:ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ നിരാശ പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡൻ്റ് വ്ലാഡിമര്‍ സെലന്‍സ്‌കി. "സമാധാന ശ്രമങ്ങൾക്ക് മുകളിലേറ്റ പ്രഹരം" എന്നാണ് സെലെൻസ്‌കി ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയെ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി റഷ്യയിലെത്തിയ മോദി വ്‌ളാഡിമിർ പുടിനെ മോസ്കോയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് കണ്ടിരുന്നു. രണ്ട് നേതാക്കളും സംസാരിക്കുന്നതിന്‍റെയും ആലിംഗനം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ അതേ ദിവസം, കീവിലെ ആശുപത്രിക്ക് നേരെയുളള റഷ്യൻ മിസൈൽ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 37 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടു. കാൻസർ രോഗികളെ ലക്ഷ്യമിട്ടാണ് യുക്രൈനിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ആക്രമണം നടത്തിയത്. ഇത്ര വലിയ ക്രൂരത നടന്ന ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നത് കാണുന്നത് നിരാശജനകമാണെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്.
റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടിയില്‍ പുടിനെ മോദി കണ്ടതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു."'വിശ്വബന്ധു' എന്ന് സ്വയം വിശേഷിപ്പിക്കുന്ന 'വിശ്വഗുരു' യുക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബെറിഞ്ഞ ദിവസം മോസ്കോയിലായിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നും അദ്ദേഹം ചോദിച്ചു.