വാഷിങ്ടണ്‍:ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ കമ്മീഷന്‍ രംഗത്ത്. ചില പ്രത്യേകതരം ആശങ്കകള്‍ ഇന്ത്യയില്‍ നില നില്‍ക്കുന്നുവെന്നും അവര്‍ ആരോപിച്ചു. തെറ്റായ വിവരങ്ങളുടെയും വിവരങ്ങള്‍ ഇല്ലാതിരിക്കലും നിറഞ്ഞ സര്‍ക്കാര്‍ പ്രതിനിധികളുടെയടക്കം വിദ്വേഷ പ്രസംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവരുടെ ആരാധനലായങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും രാജ്യാന്തര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്മീഷന്‍(USCIRF) പ്രസ്‌താവനയില്‍ പറയുന്നു.
ഇന്ത്യയെ പ്രത്യേക ആശങ്ക രാജ്യമായി രേഖപ്പെടുത്താനും യുഎസ്‌സിഐആര്‍എഫ് അമേരിക്കന്‍ ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്‌തു. രാജ്യത്ത് മത സ്വാതന്ത്ര്യം കരുതിക്കൂട്ടി ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ശുപാര്‍ശ. അതേസമയം ഈ ശുപാര്‍ശ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.
അവര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടതും മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായ ആളുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മതനേതാക്കളുടെ വിവരങ്ങളുമുണ്ട്. ആരാധനാലയങ്ങളും മറ്റും ആക്രമിക്കപ്പെട്ടതിന്‍റെ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.