കേരളം

kerala

ETV Bharat / international

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനമെന്ന ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്ക - discrimination minorities in India - DISCRIMINATION MINORITIES IN INDIA

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക പങ്കുവച്ച് അമേരിക്ക,തങ്ങളുടെ ബഹുസ്വരത മനസിലാക്കാന്‍ അമേരിക്കയ്ക്ക് ഒരിക്കലുമാകില്ലെന്ന് ഇന്ത്യ.

USCIRF  RELIGIOUS FREEDOM  മതപരിവര്‍ത്തന നിരോധന നിയമം  ആന്‍റണി ബ്ലിങ്കന്‍
ആന്‍റണി ബ്ലിങ്കന്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി (റോയിട്ടേഴ്‌സ്)

By ETV Bharat Kerala Team

Published : Jun 27, 2024, 1:17 PM IST

വാഷിങ്ടണ്‍:ഇന്ത്യയിലെ മത സ്വതന്ത്ര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കയിലെ രാജ്യാന്തര മത സ്വാതന്ത്ര്യ സംഘടന. വിദ്വേഷ പ്രസംഗങ്ങളും മതസ്ഥാപനങ്ങള്‍ പൊളിക്കലും മതംമാറ്റ നിരോധന നിയമങ്ങളും സംബന്ധിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുസിഐആര്‍എഫ് ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ നിരന്തരം വിമര്‍ശിക്കുന്ന അമേരിക്കന്‍ കമ്മീഷനാണിത്. ഇവര്‍ എല്ലാ വര്‍ഷവും ലോകത്തെ എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് സര്‍വെ നടത്തി റിപ്പോര്‍ട്ട് പുറത്ത് വിടാറുണ്ട്. 200 രാജ്യങ്ങളിലാണിവര്‍ സര്‍വെ നടത്തുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തിലേറെ ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇക്കുറി ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഉന്നത സാങ്കേതിക മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുന്നത് സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്തിടെ ധാരണയിലെത്തിയിരുന്നു. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ ഉപദേശകന്‍ ജാക്ക് സള്ളിവന്‍റെ ഡല്‍ഹി സന്ദര്‍ശനവേളയിലായിരുന്നു ഈ ധാരണ.

ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരിവര്‍ത്തന നിരോധന നിയമം, വിദ്വേഷ പ്രസംഗം, മതന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ തുടങ്ങിയവയില്‍ തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയിലെ സ്ഥിതിഗതികളില്‍ രാജ്യാന്തര മതസ്വാതന്ത്ര്യ അമേരിക്കന്‍ സ്ഥാനപതി റഷാദ് ഹുസൈനും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ക്രൈസ്‌തവ സമൂഹത്തിന് നേരെ വലിയ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രാദേശിക പൊലീസിന്‍റെ പിന്തുണയോടെ ജനങ്ങള്‍ ആരാധനാലയങ്ങളും മറ്റും തകര്‍ക്കുന്നു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെറുതെ നില്‍ക്കുന്നവരെ പോലും ജനക്കൂട്ടം മതപരിവര്‍ത്തനത്തിന്‍റെ പേര് പറഞ്ഞ് ആക്രമിക്കുന്നു. അതിന് ശേഷം ഇരകളെ തന്നെ അറസ്‌റ്റ് ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കഴിഞ്ഞ മെയില്‍ സമാനമായ ഒരു അമേരിക്കന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയിരുന്നു. രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി സംഘടന പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആരോപണം. വിവേചനപരമായ ദേശീയ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ബഹുസ്വര ജനാധിപത്യ മൂല്യങ്ങള്‍ മനസിലാക്കാന്‍ യുഎസ്‌സിഐആര്‍എഫിന് എന്നെങ്കിലും കഴിയുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിം, ക്രൈസ്‌തവ, ദളിത്, ജൂത, ആദിവാസി വിഭഗങ്ങളെ ബാധിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചില മതവിഭാഗങ്ങളുടെ നേര്‍ക്ക് ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്നും റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആന്‍റണി ബ്ലിങ്കന്‍ പറയുന്നു.

പാകിസ്ഥാനിലെ മതനിന്ദ നിയമങ്ങളെ സംബന്ധിച്ചും ബ്ലിങ്കന്‍ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. ഇത് അസഹിഷ്‌ണുതയുടെയും വിദ്വേഷത്തിന്‍റെയും പരിസ്ഥിതി സംജാതമാക്കാനേ സഹായിക്കൂ. ഇത് ആള്‍ക്കൂട്ട ആക്രമണത്തിലേക്കടക്കം നയിക്കപ്പെടുന്നു. ചൈനയിലെ ഉയിഗുര്‍ മുസ്‌ലിമുകളുടെ നാടുകടത്തലും ജയിലിലടയ്ക്കലും, ടിബറ്റന്‍ ബുദ്ധമതക്കാരുടെ അടിച്ചമര്‍ത്തല്‍, ക്രൈസ്‌തവ, ഫലൂണ്‍ ഗോങുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയിലും സെക്രട്ടറി ബ്ലിങ്കന്‍ ആശങ്ക അറിയിച്ചു.

Also Read:പാകിസ്ഥാനില്‍ മതത്തിൻ്റെ പേരിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു; തുറന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി

ABOUT THE AUTHOR

...view details