ജെറുസലേം:ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ വസതിക്ക് സമീപം രണ്ട് അഗ്നിഗോളങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ട്. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് സുരക്ഷ ചുമതലയുള്ള സംഘം പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രധാനമന്ത്രിയുടെ വസതിയുടെ മുറ്റത്താണ് ഇവ പതിച്ചതെന്നും പൊലീസും ഷിന്‍ ബെറ്റ് ഇന്‍റേണല്‍ സുരക്ഷ ഏജന്‍സിയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. അതീവ ഗൗരവമുള്ള സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇസ്രയേല്‍ പ്രസിഡന്‍റ് ഇസാക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അക്രമസംഭവങ്ങള്‍ വര്‍ധിച്ച് വരുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. താന്‍ ഷൈന്‍ ബെറ്റ് തലവനുമായി സംസാരിച്ചിരുന്നു. അടിയന്തര അന്വേഷണം നടത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നെന്നും ഉത്തരവാദികളായവരെ ഉടനടി പുറത്ത് കൊണ്ടുവരണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.
അതേസമയം സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഒക്‌ടോബര്‍ 19ന് വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണവും ഉണ്ടായിരുന്നു. ഇതിന്‍റെ ഉത്തരവാദിത്തം പിന്നീട് ഇറാന്‍ പിന്തുണയുള്ള ഹിസ്‌ബുള്ള ഏറ്റെടുത്തു. അതേസമയം സെപ്റ്റംബര്‍ 23 മുതല്‍ ഇസ്രയേല്‍ ലെബനനിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
Also Read:ഇസ്രായേല്‍ - ഹിസ്ബുള്ള വെടിനിർത്തല്‍; ഇറാനോട് സഹായം അഭ്യര്‍ഥിച്ച് ലെബനൻ