മഗാരാക്: തുര്‍ക്കിയിലെ വീട്ടില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചെത്തിയ മെഹ്‌മത് എര്‍ടര്‍ക്കിന് ഭാര്യ, അയാള്‍ക്ക് വേണ്ടി തയാറാക്കിയ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, ഇരുപത് വര്‍ഷമായി സിറിയയിലെ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ പകുതിയിലേറെ പല്ലുകളും കൊഴിഞ്ഞിരുന്നു. ബാക്കിയുള്ള പല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും കൊഴിയാവുന്ന അവസ്ഥയിലും ആണ്.
സിറിയന്‍ ജയിലില്‍ താന്‍ അനുഭവിച്ച കൊടുംയാതനകള്‍ അദ്ദേഹം എഎഫ്‌പിയുമായി പങ്കുവച്ചു. പീഡനങ്ങള്‍ക്ക് മേല്‍ പീഡനങ്ങള്‍ നിറഞ്ഞ ദിനരാത്രങ്ങള്‍. 2004ല്‍ കള്ളക്കടത്തിന്‍റെ പേര് പറഞ്ഞാണ് എര്‍ടര്‍ക്കിനെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട് അദ്ദേഹം തന്‍റെ വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് കേവലം പത്ത് മിനിറ്റ് മാത്രം യാത്രയുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വീട്. ഒലിവ് മരങ്ങള്‍ നിറഞ്ഞ അതിമനോഹരമായ ഗ്രാമം.
തന്‍റെ കുടുംബാംഗങ്ങള്‍ കരുതിയിരുന്നത് താന്‍ മരിച്ചു പോയി എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 53കാരനായ എര്‍ടര്‍ക്കിന്‍റെ വാക്കുകളും നടപ്പുമെല്ലാം അദ്ദേഹത്തിന് ഒരു ഇരുപത് വയസ് കൂടിയ പോലെ തോന്നിപ്പിച്ചു. 'താന്‍ പുറത്തിറങ്ങിയ രാത്രി വെടിയൊച്ചകള്‍ കേട്ടയുടന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്താണ് പുറത്ത് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. താന്‍ തീര്‍ന്നെന്ന് തന്നെ ആണ് കരുതിയത്. മിനിറ്റുകള്‍ക്കകം വലിയ ചുറ്റികകളുടെ ഒച്ചകള്‍ മുഴങ്ങി. ജയിലിന്‍റെ കവാടങ്ങള്‍ വിമതര്‍ തുറന്നു.' സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെ അധികാര ഭ്രഷ്‌ടനാക്കിയ ശേഷം സിറിയയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
ശവപ്പെട്ടിയിലെന്ന പോലെ കഴിഞ്ഞ കാലം
പതിനൊന്ന് വര്‍ഷമായി അദ്ദേഹത്തെ തങ്ങള്‍ കണ്ടിട്ടേയില്ല. യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല-അദ്ദേഹത്തിന്‍റെ ഭാര്യ ഹതീസ് സമ്മതിക്കുന്നു. പിതാവ് അറസ്റ്റിലാകുമ്പോള്‍ കേവലം ആറ് മാസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ മകള്‍ക്കൊപ്പം വീടിന് പുറത്ത് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നാണ് അവർ ഇത് പറഞ്ഞത്. പതിനഞ്ച് കൊല്ലത്ത തടവിന് ശിക്ഷിച്ച ഇദ്ദേഹത്തെ ജയില്‍ അധികൃതര്‍ തുരങ്ക ജയിലില്‍ അടച്ചു. നാല് മക്കളാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.