ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭീമനായ ഓപ്പൺ എഐയുടെ മുൻ ജീവനക്കാരനും ഇന്ത്യൻ വംശജനുമായ സുചിർ ബാലാജിയെ (26) മരിച്ച നിലയിൽ കണ്ടെത്തി. സാൻഫ്രാൻസിസ്കോയിലെ ഫ്‌ളാറ്റിലാണ് മുൻ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപ്പൺ എഐക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തി കമ്പനിയിൽ നിന്ന് ബാലാജി രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബാലാജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 26ന് ബാലാജി മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാലാജിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ സാൻഫ്രാൻസിസ്‌കോയിലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓപ്പണ്‍ എഐയുടെ മുൻ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബർ 26 ന് സാൻ ഫ്രാൻസിസ്കോയിലെ ബുക്കാനൻ സ്ട്രീറ്റ് അപ്പാർട്ട്മെന്‍റിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സാൻഫ്രാൻസിസ്കോ പൊലീസും ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫിസും ഉദ്ധരിച്ച് ദി മെർക്കുറി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ബാലാജി ആത്മഹത്യ ചെയ്‌തതാണെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
പ്രതികരിച്ച് മസ്‌ക്
സ്‌പേസ് എക്‌സ് സിഇഒയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് ബാലാജിയുടെ മരണത്തെക്കുറിച്ചുള്ള വാർത്തയോട് എക്‌സിൽ പ്രതികരിച്ചു. മരണത്തിന് പിന്നില്‍ നിഗൂഢത ഉണ്ടെന്ന തരത്തില്‍ "ഹ്മ്മ്" എന്ന പോസ്റ്റുമായാണ് മസ്‌ക് രംഗത്തെത്തിയത്.
— Elon Musk (@elonmusk) December 14, 2024
എന്തായിരുന്നു ബാലാജി ഓപ്പണ്‍ എഐയ്‌ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം
ഓപ്പണ്‍ എഐ പകര്‍പ്പവകാശം ലംഘിച്ചെന്ന ഗുരുതര ആരോപണം ബാലാജി ഉയര്‍ത്തിയിരുന്നു. ഓപ്പൺ എഐ ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകൾ ഉപയോഗിച്ചുവെന്നാണ് ബാലാജി ആരോപിച്ചിരുന്നത്. ബാലാജിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ 2022ന്‍റെ അവസാനത്തിൽ ഓപ്പൺ എഐയ്‌ക്കെതിരെ രചയിതാക്കൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, പത്രപ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ വിവരങ്ങള്‍ പകര്‍പ്പവകാശ നിയമം ലംഘിച്ച് മോഷ്‌ടിച്ചെന്ന് വിവിധ മേഖലകളില്‍ ഉള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ ഇന്‍റര്‍നെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യാ കണ്ടുപിടിത്തങ്ങള്‍ ഇന്‍റര്‍നെറ്റിനെ അപകടത്തിലാക്കുമെന്നും, അനുമതിയില്ലാതെ വ്യക്തികളുടെയും ബിസിനസുകളുടെയും സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ബാലാജി വിമര്‍ശിച്ചിരുന്നു.
ഓപ്പൺഎഐയുടെ മുൻ ജീവനക്കാരനായ സുചിർ ബാലാജി 2020 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെ കമ്പനിയില്‍ പ്രവർത്തിച്ചുവെന്ന് അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു.
Read Also: കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ നഗരങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നതെങ്ങനെ?