ന്യൂഡല്‍ഹി/ഗാസിയാബാദ്: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ഭരണകക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പോരു മുറുകുന്നു. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ബിജെപി അനധികൃത റോഹിങ്ക്യകളെ പുനരധിവസിപ്പിക്കുന്നുവെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണത്തോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള വാക്‌പോര് കടുത്തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി അതിഷി എഴുതിയ കത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ഒരു ട്വീറ്റ് എടുത്ത് കാട്ടിയാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചിരിക്കുന്നത് ബോധപൂര്‍വമാണെന്നാണ് അതിഷി ആരോപിക്കുന്നത്.
दिल्ली में रोहिंग्या शरणार्थियों को बसाकर केंद्र सरकार द्वारा दिल्लीवासियों का हक छीनने के मुद्दे पर महत्वपूर्ण प्रेस कॉन्फ्रेंस। LIVE https://t.co/9CjticSebC
— Atishi (@AtishiAAP) December 15, 2024
അതേസമയം എഎപി വിഭാഗീയതയുടെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് പുരി ആരോപിച്ചു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളുമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ദീപ് സിങ് പുരിയുടെ 2022ലെ രണ്ട് ട്വീറ്റുകളാണ് ആഭ്യന്തരമന്ത്രിക്കുള്ള കത്തില്‍ അതിഷി എടുത്ത് കാട്ടിയിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജനങ്ങളെ അധിവസിപ്പിച്ച് ഡല്‍ഹിയെ ഇരുട്ടിലേക്ക് തള്ളിവിടാമെന്നാണ് അതിലൊന്ന്. നിരവധി വര്‍ഷങ്ങളായി ഇത് നടന്ന് വരുന്നു.
2022 ഓഗസ്റ്റ് പതിനേഴിന് ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഭയാര്‍ഥികളെ ഡല്‍ഹിയില്‍ പുനരധിവസിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഈ ട്വീറ്റുകള്‍ വ്യക്തമാക്കുന്നതെന്നും അതിഷി ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിലുള്‍പ്പെടുത്തി ബക്കര്‍വാല ഫ്ളാറ്റുകളിലായാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഇത് ശരിക്കും ഡല്‍ഹിയിലെ പാവങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചിരിക്കുന്ന ഫ്ലാറ്റുകളാണ്. ഇത് കുടിയേറ്റക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയിലെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല മറിച്ച് ഡല്‍ഹിയുടെ വിഭവങ്ങള്‍ പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി.
തിരിച്ചടിച്ച് പുരി
എന്നാൽ റോഹിങ്ക്യകളെ സംബന്ധിച്ച വസ്‌തുതകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇവ എഎപി അവഗണിക്കുകയാണെന്നും പുരി എക്‌സില്‍ കുറിച്ചു. റോഹിങ്ക്യകള്‍ക്കൊന്നും സര്‍ക്കാര്‍ വസതികള്‍ നല്‍കിയിട്ടില്ല. അതേസമയം ആം ആദ്‌മി ഇവരെ ഡല്‍ഹിയില്‍ പുനരധിവസിപ്പിച്ച് അവര്‍ക്ക് വൈദ്യുതിയും വെള്ളവും പതിനായിരം രൂപയും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aam Aadmi Party continues with its politics of diversion, false narratives and half truths. Facts and actual position on illegal Rohingya migrants were immediately clarified through a tweet on the same day which they selectively chose to ignore, and continue to do so.
— Hardeep Singh Puri (@HardeepSPuri) December 15, 2024
No… https://t.co/baPpy2TWWT
നിത്യവും പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിക്ക് രാജ്യാന്തര അതിര്‍ത്തികളില്ല. എന്നിട്ടും നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് അവര്‍ ഇവിടെ എങ്ങനെ എത്തുന്നുവെന്നും അതിഷി ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുള്ള റോഹിങ്ക്യകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാരുമായി പങ്ക് വയ്ക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്ന് അതിഷി ആരോപിച്ചു. ഈ സാഹചര്യം തുടര്‍ന്നാല്‍ ഇത്രയും വലിയ കുടിയേറ്റക്കാരെ നമ്മുടെ രാജ്യം എങ്ങനെ ഉള്‍ക്കൊള്ളുമെന്നും അതിഷി ചോദിച്ചു. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് എന്താണെന്നും അവര്‍ ചോദിച്ചു.
ഡല്‍ഹിയിലെ ക്രമസമാധാന നിലയില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് അതിഷിയുടെ കത്ത്. രാജ്യതലസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍ ആഭ്യന്തരമന്ത്രിയോട് സമയം ചോദിച്ചിട്ടുമുണ്ട്.
2025 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് എഎപിയും ബിജെപിയും പരസ്‌പരം പഴിചാരി രംഗത്ത് എത്തിയിരിക്കുന്നത്.