സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുഖ് യോളിനെ ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്‍റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്‍റിനെ അനുകൂലിച്ചും 85 പേർ എതിർത്തും വോട്ട് ചെയ്‌തതിന് പിന്നാലെയാണ് തീരുമാനം. ഇംപീച്ച്മെന്‍റ് വോട്ട് പാസാക്കാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 12 ഭരണകക്ഷി അംഗങ്ങളും കൂറുമാറി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു. രാജ്യത്ത് കഴിഞ്ഞാഴ്‌ച്ച പട്ടാളനിയമം പ്രഖ്യാപിച്ചതാണ് യൂൻ സൂഖ് യോളിനെതിരെ ഇംപീച്ച്മെന്‍റിന് കാരണമായത്.
ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ സുഖ് യോൾ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം കൊണ്ടുവന്നത്.
അതേസമയം ഭരണഘടനാ കോടതി അംഗീകരിച്ചാൽ മാത്രമേ ഇംപീച്ച്മെന്‍റ് നടപടി പൂർത്തിയാകൂ. യൂനിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാൻ രാജ്യത്തെ നിയമമനുസരിച്ച് ഭരണഘടനാകോടതിക്ക് 180 ദിവസം വരെ സമയമുണ്ട്. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് കോടതി തീരുമാനിക്കുന്നതെങ്കിൽ, അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ രാജ്യവ്യാപകമായി 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മാസം ആദ്യമാണ് പ്രസിഡന്‍റ് യൂൻ സുഖ് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയത്. തുടർന്ന് പട്ടാള നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ തന്നെ യൂൻ നിയമം പിൻവലിച്ചിരുന്നു. മാത്രമല്ല പട്ടാള നിയമം ഏർപ്പെടുത്തിയതിന് യൂൻ ക്ഷമാപണം നടത്തുകയും ചെയ്‌തു.
പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചാണ് യൂൻ രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയത്. ഇത് ദക്ഷിണ കൊറിയയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
അതേസമയം യൂൻ ഓഫിസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഹാൻ ഡക്ക് സോ ദക്ഷിണ കൊറിയയുടെ ആക്‌ടിംഗ് പ്രസിഡന്‍റായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ഭരണഘടന കോടതിയായിരിക്കും യൂനിന്‍റെ ഭാവി നിർണയിക്കുക. മാത്രമല്ല 180 ദിവസത്തിനകം റൂളിങ് നടപ്പാക്കും. കോടതി ഇംപീച്ച്‌മെന്‍റിന് അംഗീകാരം നൽകിയാൽ ദക്ഷിണ കൊറിയയിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്‍റായി യൂൻ മാറും.
കഴിഞ്ഞയാഴ്‌ച യൂൻ സുക് യോളിനെതിരെ നടന്ന ഇംപീച്ച്മെന്‍റ് നീക്കം പരാജയപ്പെട്ടിരുന്നു. യൂനിന്‍റെ പീപ്പിൾ പവർ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ ഒഴികെ 105 പേരും പാർലമെന്‍റിൽ നടന്ന ഇംപീച്ച്മെന്‍റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പ്രസിഡന്‍റിന് തുണയായത്.