ഇസ്ലാമാബാദ്: കറാച്ചിയിൽ പ്രസിഡന്‍റ് ആസിഫ് അലി സർദാരിയുമായി കൂടിക്കാഴ്‌ച നടത്തി ചൈനയുടെ ബിസിനസ് പ്രതിനിധികൾ. കൂടിക്കാഴ്‌ചയിൽ പാകിസ്ഥാനിൽ ഒരു മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിനായി ഒരു ബില്ല്യൺ ഡോളർ നൽകാൻ ചൈനയുടെ ബിസിനസ് പ്രതിനിധികൾ താത്‌പര്യം പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പാകിസ്ഥാൻ ചൈനയെ ഒരു വിശ്വസ്‌ത പങ്കാളിയായാണ് കണക്കാക്കുന്നത്. ചൈന-പാകിസ്ഥാൻ എക്കണോമിക് കോറിഡോർ (CPEC) പദ്ധതി പോലെയുള്ള നിരവധി നിക്ഷേപങ്ങളിലൂടെയും വികസന പദ്ധതികളിലൂടെയും ചൈന രാജ്യത്തെ പിന്തുണയ്ക്കുന്നതിനാൽ, സിപിഇസിയെ പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയുടെ "ലൈഫ്‌ലൈൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.
വ്യാഴാഴ്‌ചയാണ് (ഡിസംബർ 12) ചൈനീസ് പ്രതിനിധി സംഘം ആസിഫ് അലി സർദാരിയുമായി കൂടിക്കാഴ്‌ച നടത്തിയത്. കറാച്ചിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ പാകിസ്ഥാന്‍റെ ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്കായി ഒരു ബില്ല്യൺ ഡോളർ നിക്ഷേപിക്കാൻ ചൈനീസ് പ്രതിനിധി സംഘം താത്‌പര്യം പ്രകടിപ്പിച്ചു. ഈ മെഡിക്കൽ സിറ്റി പാകിസ്ഥാന്‍റെ ആദ്യത്തെ സമ്പൂർണ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഇക്കോസിസ്‌റ്റം ആയിരിക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ചൈനീസ് നിക്ഷേപകരുടെ ഈ നിക്ഷേപങ്ങൾ ഇരുരാജ്യങ്ങൾ തമ്മിലുള്ള വളരുന്ന സാമ്പത്തിക ബന്ധത്തിന്‍റെ ഉദാഹരണമാണെന്ന് ധബെജി സാമ്പത്തിക മേഖലയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ കൊരങ്കി അസോസിയേഷൻ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (KATI) പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷായും ചൈനീസ് കോൺസൽ ജനറലും പങ്കെടുത്ത കൂടിക്കാഴ്‌ച സിന്ധ് സർക്കാരും ചൈനീസ് നിക്ഷേപകരും തമ്മിലുള്ള വിജയകരമായ ചർച്ചകൾക്ക് ശേഷമാണ് നടന്നത്. പാകിസ്ഥാനും ചൈനയും തമ്മിൽ ആഴത്തിലുള്ള സാമ്പത്തിക, വ്യാപാര സഹകരണം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രസിഡന്‍റ് ആസിഫ് അലി സർദാരി പ്രസ്‌താവനയിൽ പറഞ്ഞു.
ആരോഗ്യമേഖലയിൽ മാത്രമല്ല കൃഷി, കന്നുകാലിവളർത്തൽ, ഊർജം, ഗതാഗതം, ഉത്‌പാദനം തുടങ്ങി നിരവധി സുപ്രധാന മേഖലകളിലും നിക്ഷേപം നടത്താൻ ചൈനീസ് പ്രതിനിധികൾ താത്‌പര്യം പ്രകടിപ്പിച്ചതായും പ്രസ്‌താവനയിൽ പറയുന്നുണ്ട്. പാകിസ്ഥാനിലെ ചൈനീസ് നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും സഹകരണം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.
'ഞങ്ങൾ ചൈനീസ് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു, അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തീരുമാനിച്ചു' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഭാഷ തടസങ്ങൾ നീക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ ചൈനീസ് ഭാഷ കോഴ്‌സുകൾ പ്രവിശ്യയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ നിക്ഷേപകരോട് പറഞ്ഞു.