മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ക്രിസ്‌തു മതത്തെ പരിഹസിക്കുകയാണെന്ന് റഷ്യയില്‍ അടുത്തിടെ കൊല്ലപ്പെട്ട പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ(Alexei Navalny) ഭാര്യ യൂലിയ നവൽനയ(Yulia Navalnaya). അലക്‌സി നവാൽനിയുടെ ശവസംസ്‌കാരം ജയിലില്‍ തന്നെ നടത്താന്‍ അലക്‌സിയുടെ അമ്മയുടെ അനുവാദം നിർബന്ധിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു എന്നാണ് യൂലിയ നവൽനയയുടെ ആരോപണം.(Wife of Russian opposition leader Alexei Navalny accused that russia is trying to force his mother to agree to a secret funeral after his death in a penal colony). ഫെബ്രുവരി 16 ന് ആണ് റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി തടങ്കലിലിരിക്കെ കൊല്ലപ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ചാണ് ഇദ്ദേഹത്തെ തടവിലാക്കിയത്. മകന്‍റെ മൃതദേഹം തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയെ, ആർട്ടിക് ജയിലിൽ നവാൽനിയെ അടക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അധികാരികൾ മാനസികമായി പീഡിപ്പിക്കുകയാണെന്ന് യൂലിയ നവൽനയ പറയുന്നു. ഇന്ന്(14-02-2024) പുറത്തുവിട്ട വീഡിയോയിലാണ് യൂലിയ നവൽനയുടെ ആരോപണം. മൃതശരീരം ജീർണിക്കുന്നതിനാൽ തീരുമാനമെടുക്കാൻ അധികം സമയമില്ലെന്നാണ് അധികൃതരുടെ വാദം.
'എന്‍റെ ഭർത്താവിന്‍റെ മൃതദേഹം ഞങ്ങൾക്ക് തരൂ. നിങ്ങൾ അദ്ദേഹത്തെ ജീവനോടെ പീഡിപ്പിച്ചു, ഇപ്പോൾ നിങ്ങൾ അദ്ദേഹത്തിന്‍റെ ജഡത്തെയും പീഡിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങളെ നിങ്ങൾ പരിഹസിക്കുകയാണ്.'- യൂലിയ പറഞ്ഞു.
നവാൽനിയോട് പൊതുജനങ്ങള്‍ക്കുള്ള പിന്തുണ ഭയപ്പെട്ട് അദ്ദേഹത്തിന്‍റെ മൃതദേഹം കുടുംബത്തിന് തിരികെ നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് റഷ്യക്കാർ സോഷ്യൽ മീഡിയയില്‍ പറയുന്നു. ഓർത്തഡോക്‌സ് ക്രിസ്‌ത്യാനിയായ പുടിനാണ് നവാൽനിയെ കൊന്നതെന്ന് യൂലിയ ആരോപിച്ചു. അലക്‌സിയുടെ മൃതദേഹത്തോട് പുടിൻ ഇപ്പോൾ ചെയ്യുന്നത് ഒരു യഥാർത്ഥ ക്രിസ്‌ത്യാനിക്ക് ചെയ്യാൻ കഴിയില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മൃതദേഹം നിങ്ങൾ എന്ത് ചെയ്യും? നിങ്ങൾ കൊലപ്പെടുത്തിയ മനുഷ്യനെ വീണ്ടും എത്രത്തോളം നിങ്ങള്‍ തരംതാഴ്‌ത്തും?- യൂലിയ ചോദിക്കുന്നു.
എപ്പിഫാനി ആഘോഷിക്കാൻ ഐസ് വെള്ളത്തിൽ മുങ്ങിക്കുളിക്കുകയും റഷ്യയിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന പുടിനെ പലപ്പോഴും പള്ളികളില്‍ കാണിക്കാറുണ്ട്. പരമ്പരാഗത മൂല്യങ്ങൾ ഇല്ലെങ്കില്‍ സമൂഹം അധഃപതിക്കുമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നതായും യൂലിയ പറഞ്ഞു.
എന്നാല്‍, നവാൽനിയുടെ മരണത്തിൽ പുടിന് പങ്കുണ്ടെന്ന ആരോപണങ്ങൾ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് നിരസിച്ചു. പുടിനെ പറ്റിയുള്ള അടിസ്ഥാനരഹിതവും ധിക്കാരപരവുമായ ആരോപണങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു.