അബുദാബി: ലിംഗ സമത്വത്തിനും സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള തുല്യതയ്‌ക്കുമാണ് യുഎഇ മുൻഗണന നല്‍കുന്നതെന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ റീം അൽസലേം. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും എല്ലാ മേഖലകളിലും അവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുഎഇയുടെ പദ്ധതികളും നയങ്ങളും രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അൽസലേം വ്യക്തമാക്കി.
യുഎഇ സന്ദര്‍ശിക്കുന്നതിനിടെ എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ന് നൽകിയ പ്രസ്‌താവനയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലും, സമൂഹത്തിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും, അക്രമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിലും, യുഎഇ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ടെന്നും അവർ ഊന്നിപ്പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നയങ്ങൾ പരിശോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിന്‍റെ ഭാഗമായി യുഎഇയിലെത്തിയതായിരുന്നു അല്‍സലേം. ഈ വിഷയവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തുന്ന ആറാമത്തെ രാജ്യമാണ് യുഎഇ.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ യുഎഇ കൈവരിച്ച സുപ്രധാന പുരോഗതി അബുദാബിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽസലേം എടുത്തുപറഞ്ഞു.
ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചതിന് യുഎഇ ഗവൺമെന്‍റിനോട് അവർ അഗാധമായ നന്ദി രേഖപ്പെടുത്തി, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറായി ചുമതലയേറ്റ ശേഷം താൻ നടത്തിയ ഏറ്റവും മികച്ച സന്ദർശനങ്ങളിലൊന്നാണിതെന്ന് അല്‍സലേം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും രാഷ്ട്രീയവും സാമ്പത്തികവും ഉൾപ്പെടെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തത്തെ യുഎഇ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2024 ലെ ഐക്യരാഷ്ട്രസഭയുടെ ലിംഗസമത്വ സൂചികയിൽ യുഎഇ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ്.
സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് 2023-ൽ യുഎഇക്ക് ലോകബാങ്കിൽ നിന്ന് 100-ൽ 82.5 സ്‌കോർ ലഭിച്ചു, ഇത് രാജ്യത്തിന്‍റെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അല്‍സലേം കൂട്ടിച്ചേര്‍ത്തു.
Read Also: അന്താരാഷ്‌ട്ര മാനുഷിക ഐക്യദാര്‍ഢ്യദിനം; ചരിത്രവും പ്രാധാന്യവുമറിയാം