കേരളം

kerala

ETV Bharat / international

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍; ഭാവിയും വര്‍ത്തമാനവും - THE ISRAEL HAMAS CEASEFIRE DEAL

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തിയിരിക്കുകയാണ്. ഇതിന്‍റെ ഭാവിയെന്താണ്? ചര്‍ച്ച ചെയ്യുന്നു മേജര്‍ ജനറല്‍ ഹര്‍ഷ കക്കാര്‍.

EGYPT  KHALEEL AL HAYYA  IRAN  HUTHI
A bus carrying released Palestinian prisoners arrives to the West Bank city of Beitunia, early Monday Jan. 20, 2025. (AP)

By Major General Harsha Kakar

Published : Jan 21, 2025, 7:03 PM IST

സ്രയേലും ഹമാസും അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്‌ച മുതല്‍ നിലവില്‍ വന്നു. മാസങ്ങളായി നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് കരാര്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ അധികാരമൊഴിഞ്ഞ ജോ ബൈഡനും അധികാരത്തിലേക്ക് എത്തിയ ഡൊണാള്‍ഡ് ട്രംപിനും പങ്കുണ്ടെന്നാണ് അവകാശവാദം.

നവംബറില്‍ തനിക്കുണ്ടായ ചരിത്രപരമായ വിജയമാണ് ഈ ഐതിഹാസിക വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയതെന്നാണ് ട്രംപിന്‍റെ അവകാശവാദം. വൈറ്റ്ഹൗസിന് പുറത്തേക്ക് പോകാതെ തന്നെ നാം ഇത് സാധ്യമാക്കിയെന്നാണ് ബൈഡന്‍റെ വാദം. നാം എല്ലാം ഒരേ ശബ്‌ദത്തില്‍ ഇതിനായി സംസാരിച്ചു. അതാണ് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുദ്ധ സാഹചര്യം ഒഴിഞ്ഞതിന്‍റെ ആഘോഷങ്ങളിലാണ് ഗാസയിലെ ജനത. ചര്‍ച്ചകളുടെ പ്രഖ്യാപിത സൂക്ഷ്‌മ ലക്ഷ്യങ്ങളെ തങ്ങള്‍ നിഷ്‌പ്രഭമാക്കിയെന്ന് ഹമാസിന്‍റെ മുതിര്‍ന്ന നേതാവും മുഖ്യ മധ്യസ്ഥനുമായ ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. തങ്ങളുടെ ജനതയെയും അവരുടെ പ്രതിരോധത്തെയും ഒരിക്കലും പരാജയപ്പെടുത്താനാകില്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലില്‍ മടങ്ങിയെത്തിയ ബന്ദി (AP)

ഇസ്രയേൽ അധിനിവേശത്തിന് മുമ്പുണ്ടായിരുന്ന വിധത്തില്‍ ഹമാസ് തങ്ങളുടെ ശക്തി തിരികെക്കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കും. തകര്‍ക്കപ്പെടുകയും ധാരാളം പേരെ നഷ്‌ടപ്പെടുകയും ചെയ്‌തെങ്കിലും തങ്ങളുടെ പ്രത്യയശാസ്‌ത്രവും ജനകീയതയും ഇപ്പോഴും നിലനില്ക്കുന്നുവെന്ന സന്ദേശമാണ് ഹമാസ് തങ്ങളുടെ ഈ നിലപാടിലൂടെ നല്‍കുന്നത്.

ഇസ്രയേല്‍ അധിനിവേശം നരഹത്യയാണെന്നും നാല്‍പ്പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഗാസ ജനത വ്യക്തമാക്കുന്നത്. തങ്ങളുടെ വീടുകളും ആശുപത്രികളുമടക്കമുള്ളവ തകര്‍ക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കുന്നു. പട്ടിണിമൂലം മരിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായി നില്‍ക്കുന്ന ഇവര്‍ പക്ഷേ വെടിനിര്‍ത്തല്‍ വിജയമാണെന്നാണ് കരുതുന്നത്. ഇതൊരു ആക്ഷേപഹാസ്യമോ തെറ്റിദ്ധരിപ്പിക്കലോ ആകാം.

ഗാസയിലെ ജനത സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കഷ്‌ടതകള്‍ക്ക് വിധേയമായെങ്കിലും ഇവിടെ ഹമാസിന് ഇപ്പോഴും ജനസമ്മതിയുണ്ട്. ഗാസയിലെ ജനത ഭക്ഷണത്തിനും മരുന്നിനും അടക്കം ബുദ്ധിമുട്ടുന്നു. എവിടെ നിന്നും എപ്പോഴുമെത്താവുന്ന ഒരു മിസൈലോ ബോംബോ തങ്ങളുടെ ജീവനെടുക്കുമെന്ന ചിന്തയാല്‍ ഇവര്‍ ഒരു ക്യാമ്പില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് നിര്‍ത്താതെ ഓടിക്കൊണ്ടേയിരിക്കുന്നു. ഹമാസിന്‍റെ നേതൃത്വം മുഴുവന്‍ ഇസ്രയേലി ആക്രമണത്തില്‍ പൂര്‍ണമായും ഇല്ലാതായി. ഇല്ലാതായ നേതാക്കള്‍ക്ക് പകരം വയ്ക്കാന്‍ സംഘടനയ്ക്കുള്ളില്‍ നേതാക്കളില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കുടുംബാംഗവുമായി സന്തോഷം പങ്കിടുന്ന തിരിച്ചെത്തിയ ബന്ദി (AP)

സര്‍ക്കാരിനുള്ളില്‍ ചില വിഭിന്ന ശബ്‌ദങ്ങളുണ്ടെങ്കിലും ഇസ്രയേലുകാരും വെടിനിര്‍ത്തല്‍ കരാറില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നുണ്ട്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ്. സൈനികരുടെ കുടുംബങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതുവരെ നടന്ന യുദ്ധത്തില്‍ നാനൂറോളം ഇസ്രയേല്‍ സൈനികരാണ് മരിച്ച് വീണത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇതിനിടെ ഇസ്രയേല്‍ മന്ത്രിസഭയില്‍ നിന്ന് തീവ്ര വലതുപക്ഷ നേതാവായ സുരക്ഷ മന്ത്രി ഇത്‌മാര്‍ ബെന്‍ ഗ്വിറും മത കക്ഷിയായ ജ്യുവിഷ് പവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റ് രണ്ട് മന്ത്രിമാരും രാജി വച്ചു. ഇവരുടെ രാജി നിലവിലെ സഖ്യ സര്‍ക്കാരിനെ താഴെയിടാനോ വെടിനിര്‍ത്തല്‍ കരാറിനെ സ്വാധീനിക്കാനോ പര്യാപ്‌തമായില്ലെങ്കിലും സഖ്യത്തെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്.

രാഷ്‌ട്രീയനേട്ടത്തിനും സഖ്യ സര്‍ക്കാരിനെ സംരക്ഷിക്കാനുമായി നെതന്യാഹു വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പു വയ്ക്കുന്നത് തന്‍റെ സഖ്യത്തിന്‍റെ അവസാനമാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക. ആദ്യഘട്ട വെടിനിര്‍ത്തലിന് ശേഷം യുദ്ധം പുനരാരംഭിക്കാന്‍ നെതന്യാഹുവിന് പദ്ധതിയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ട വെടിനിര്‍ത്തലിലൂടെ 33 ബന്ദികളെ തിരികെ ലഭിക്കും. അതിന് ശേഷം യുദ്ധം തുടങ്ങാനാണ് പദ്ധതി.

ഹമാസിന്‍റെ പ്രത്യയശാസ്‌ത്രത്തെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് സാധ്യമല്ലെന്ന വ്യക്തമായ സൂചനയാണ് വെടിനിര്‍ത്തല്‍ നല്‍കുന്നത്. ഇത് ഹമാസിന്‍റെ സൈനിക ഘടനയെ ചിലപ്പോള്‍ തകര്‍ത്തേക്കും. എന്നാല്‍ ഹമാസ് ഇപ്പോള്‍ ഒരു നുഴഞ്ഞു കയറ്റ ശക്തിയായി മാറിയിരിക്കുന്നു. ഇവര്‍ ഇപ്പോഴും ഇസ്രയേല്‍ സൈന്യത്തെ ആക്രമിക്കുന്നു. കഴിഞ്ഞാഴ്‌ച മാത്രം പതിനാറ് സൈനികരെ നുഴഞ്ഞു കയറ്റ ആക്രമണത്തില്‍ ഇസ്രയേലിന് നഷ്‌ടമായി. ഗാസയില്‍ നിന്ന് ഹമാസിനെ ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. ഇത് വളരെ കരുത്തുള്ള ഒരു സംഘടനയായി നിലനില്‍ക്കുകയും തുടരുകയും ചെയ്യുന്നു.

കുടുംബാംഗത്തെ കണ്ട സന്തോഷത്തില്‍ മോചിതയായ ബന്ദി (AP)

ഗാസയ്ക്ക് ഇറാന്‍റെ പിന്തുണയുമുണ്ട്. ഇതൊരു ജനതയുടെ ക്ഷമയാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നാണ് അയത്തൊള്ള ഖമേനി ട്വീറ്റ് ചെയ്‌തത്. പലസ്‌തീന്‍ ജനതയുടെ സുശക്തമായ ചെറുത്ത് നില്‍പ്പും പ്രതിരോധവും സയണിസ്‌റ്റ് ഭരണകൂടത്തിന് പിന്‍വാങ്ങാന്‍ അവരെ നിര്‍ബന്ധിതമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഇപ്പോള്‍ തികച്ചും തനിച്ചാണ്. സിറിയയുടെ പിന്തുണ അവസാനിച്ചിരിക്കുന്നു. ഹിസ്‌ബുള്ള ദുര്‍ബലമായി. ഇസ്രയേലുമായി ഇവര്‍ നേരത്തെ തന്നെ ധാരണയിലുമെത്തി. ഹൂതികള്‍ക്കും കനത്ത തിരിച്ചടിയുണ്ടായി. ഹമാസിനും അത്ര എളുപ്പത്തില്‍ ഇവരെയൊന്നും സഹായിക്കാനുമാകുന്നില്ല. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണം മൂലം നിഷ്‌പ്രഭമായിരിക്കുന്നു. ഇസ്രയേല്‍, അമേരിക്ക വ്യോമാക്രമണങ്ങളെ ഇവര്‍ക്ക് പ്രതിരോധിക്കാനാകുന്നില്ല. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും മുഖ്യ ഉദ്ദേശ്യം ഭരണമാറ്റമാണ്.

ഗാസയുടെ ഭരണത്തിനെയും പുനര്‍നിര്‍മ്മിതിയെയും കുറിച്ചുള്ള ഭാവി ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളുണ്ടായേക്കാം. പലസ്‌തീന്‍ അതോറിറ്റി ഗാസയിലെ ഭരണത്തെക്കുറിച്ച് അവകാശമുന്നയിക്കുമ്പോള്‍ ഇതില്‍ ഈജിപ്റ്റും ഖത്തറും ഐക്യരാഷ്‌ട്രസഭയും ഇടപെടുന്നതിലാകും ഇസ്രയേലിന് താത്പര്യം. ഇസ്രയേലിന് പലസ്‌തീന്‍ അതോറിറ്റിയില്‍ വലിയ വിശ്വാസമില്ല. അവര്‍ക്ക് എന്തെങ്കിലും പങ്കാളിത്തം നല്‍കുന്നതിനോട് ഇസ്രയേലിന് താത്‌പര്യമില്ല. അമേരിക്ക പിന്‍മാറിയതോടെ അഫ്‌ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ പോലെ ഹമാസ് വീണ്ടും ഗാസയില്‍ അധികാരകേന്ദ്രമായി മാറുന്നതിനെയും ഇസ്രയേല്‍ എന്ത് വില കൊടുത്തും തടയും. ഇതൊന്നും അത്ര എളുപ്പമാകില്ല.

ഇന്ത്യാ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിക്ക് തുടക്കമിടാന്‍ കരാറായിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധം ഇത് വൈകിപ്പിച്ചു. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ ബദലാണ് സാമ്പത്തിക ഇടനാഴി. എന്നാല്‍ ഇത് ഇനിയും കടലാസ് പുലിയായി അവശേഷിക്കുകയാണ്. ബൈഡന്‍റെ ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി പ്രഖ്യാപനം അമേരിക്ക പദ്ധതിക്ക് നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

അമേരിക്കയും മധ്യസ്ഥരും മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇരുഭാഗവും പാലിക്കില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കരാറിനെക്കുറിച്ച് നെതന്യാഹുവിനെ ബോധ്യപ്പെടുത്തിയത് അമേരിക്കയാണ്. അതേസമയം ഖത്തറും ഈജിപ്റ്റും കരാര്‍ അംഗീകരിക്കാനായി ഹമാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്കിടയിലും ഇസ്രയേല്‍ കരാര്‍ അംഗീകരിച്ചു. ഇത് ബൈഡന്‍റെ മുഖം രക്ഷിക്കുകയും ട്രംപിന്‍റെ വിജയമാകുകയും െചയ്‌തു. അമേരിക്കന്‍ ഭരണകൂടത്തില്‍ മാറ്റമുണ്ടാകുന്നതോടെ ഇതിലെന്തെങ്കിലും മാറ്റം വരുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഹമാസ് വീണ്ടും ഉദിച്ചുയരുന്നത് അംഗീകരിക്കാനാകാത്ത വസ്‌തുതയാണ്. അതേസമയം തന്നെ അവരുടെ പ്രത്യയശാസ്‌ത്രവും പിന്തുണയും ഗാസയിലെ ജനതയുടെ ഇടയില്‍ മുമ്പുണ്ടായിരുന്നത് പോലെ തന്നെ കരുത്തോടെ നിലകൊള്ളുന്നുവെന്നതാണ് വാസ്‌തവം. ഹമാസിനെ ഗാസ രാഷ്‌ട്രീയത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാകില്ല. ഏതായാലും 33 ബന്ദികളെ മോചിപ്പിക്കും വരെ ഇസ്രയേല്‍ സമാധാനം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിന് ശേഷം അവര്‍ക്ക് ഇതില്‍ നിന്ന് നിലപാടുമാറ്റം അനിവാര്യം തന്നെയാണ്.

ഇസ്രയേല്‍ പഴയ പോലെയല്ല. ഹമാസിന്‍റെ തുരങ്കങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇറാനില്‍ നിന്ന് മുമ്പത്തെ പോലെ ആയുധങ്ങളും ലഭിക്കില്ല. ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിരീക്ഷണത്തിലാണ്. ഒക്‌ടോബര്‍ ഏഴിന് സമാനമായ ഒരു ആക്രമണം ഉണ്ടാകുമെന്ന ഭീതി ഇസ്രയേലികളുെട മനസിലുണ്ട്. അത് കൊണ്ട് തന്നെ ചെറിയൊരു മാറ്റമുണ്ടായാല്‍ പോലും ഒരു വ്യോമാക്രമണം പ്രതീക്ഷിക്കാം. പലസ്‌തീനികളും ഇസ്രയേലികളും തമ്മിലുള്ള വിശ്വാസം എപ്പോള്‍ വേണമെങ്കിലും തകരാവുന്ന ഒരു നൂല്‍പ്പാലമാണ്. ഇത് ദീര്‍ഘകാലം നിലനില്‍ക്കുകയുമില്ല.

അതിശക്തരായ അറബ് രാജ്യങ്ങള്‍ യുദ്ധകാലത്തുടനീളം നിഷ്‌പക്ഷത പുലര്‍ത്തുകയോ നിശബ്‌ദരായി ഇസ്രയേലിനെ പിന്തുണയ്ക്കുകയോ ചെയ്‌തു. അവര്‍ ഇസ്രയേലിനെ വിമര്‍ശിച്ചു. പക്ഷേ ഭീഷണിപ്പെടുത്തല്‍ ഉണ്ടായതേയില്ല. അയല്‍രാജ്യമായ ഈജിപ്‌റ്റ് പോലും പലസ്‌തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചില്ല. ഗാസയിലെ ജനതയ്ക്ക് ആഗോള പിന്തുണ തെല്ലും കിട്ടിയില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ആഫ്രിക്കയിലെ ഇസ്‌ലാമിക രാജ്യങ്ങള്‍ എന്നിവരില്‍ നിന്ന് മാത്രമാണ് അവര്‍ക്ക് പിന്തുണ കിട്ടിയത്.

പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ സംഘര്‍ഷത്തെക്കാള്‍ സമാധാനവും ഇസ്രയേലിനോടുള്ള സഹകരണവുമാണ് കാംക്ഷിച്ചതെന്നാണ് ഇത് നല്‍കുന്ന സൂചന. ഇവര്‍ ഗാസയുടെ പുനര്‍നിര്‍മ്മിതിക്കായി സംഭാവനകള്‍ നല്‍കിയേക്കാം. എന്നാല്‍ ഒരിക്കലും ഹമാസ് വീണ്ടും ഉദിച്ചുയരണമെന്ന് അവര്‍ ആഗ്രഹിക്കില്ല. ഹമാസിനെ ഒരിക്കലും ഒരു സംഘടനയെന്ന നിലയില്‍ അവര്‍ അംഗീകരിക്കുകയോ ആദരിക്കുകയോ ഇല്ല. ഇതാണ് പശ്ചിമേഷ്യയുടെ മാറുന്ന മുഖം.

ഇതൊരു താത്ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണ്. ശത്രുതകള്‍ ഇല്ലാതാകുന്നില്ല. ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും ഇത് ലംഘിക്കപ്പെടാം.

Also Read:90 പലസ്‌തീനികളെ മോചിപ്പിച്ച് ഇസ്രയേൽ

ABOUT THE AUTHOR

...view details