ഹൈദരാബാദ് : ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. വിമാനത്തിലെ യാത്രികര്‍ അനുഭവിക്കേണ്ടിവന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് എയര്‍ലൈന്‍സ് സിഇഒ ഗോ ചൂണ്‍ ഫോങ് പറഞ്ഞു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട മുഴുവന്‍ പിന്തുണയും നല്‍കുമെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇന്നാണ് (മെയ് 22) ക്ഷമാപണം നടത്തി സിഇഒ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടത്. അപകടത്തെ തുടര്‍ന്ന് മരിച്ച യാത്രികന്‍റെ കുടുംബത്തോട് തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു. SQ321 വിമാനത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുന്നതിനാണിപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. നിലവില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ 79 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ബാങ്കോക്കില്‍ തുടരുകയാണ്. അവരില്‍ ആവശ്യമുള്ളവര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നുണ്ടെന്നും സിഇഒ പറഞ്ഞു.
യാത്രികരുടെ കുടുംബങ്ങള്‍ക്ക് അവരെ കുറിച്ച് വിവരങ്ങള്‍ അറിയാന്‍ സിംഗപ്പൂർ എയർലൈൻസിന്‍റെ +65 6542 3311 (സിംഗപ്പൂർ), 1800-845-313 (ഓസ്‌ട്രേലിയ), 080-0066-8194 (യുകെ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സംഭവത്തിന്‍റെ പുതിയ വിവരങ്ങള്‍ ഫേസ് ബുക്കിലും എക്‌സിലും അപ്‌ഡേറ്റ് ചെയ്യുമെന്നും സിഇഒ അറിയിച്ചു.