ആധാര്‍ ഓതന്‍റിഫിക്കേഷന് (തിരിച്ചറിയല്‍, സ്ഥിരീകരണം) കൂടുതല്‍ സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും ആധാര്‍ ഓതന്‍റിഫിക്കേഷനായി (ആധാർ പ്രാമാണീകരണം) ഉപയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി കേന്ദ്ര സർക്കാർ ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വിപുലീകരിക്കുന്നതിനാണ് ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ആധാര്‍ ഓതന്‍റിഫിക്കേഷൻ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചതെന്ന് കേന്ദ്രം അറിയിച്ചു.
#Aadhaar Authentication expanded to government and private entities for providing various services in the public interest boosting innovation, knowledge, and public service enhancementhttps://t.co/z8YHZ6Elyd#DigitalIndia @UIDAI pic.twitter.com/mK1CPAoNSp
— Ministry of Electronics & IT (@GoI_MeitY) January 31, 2025
എന്താണ് ആധാര്‍ ഓതന്‍റിഫിക്കേഷൻ?
- ആധാർ പ്രാമാണീകരണം എന്നത് ഒരു വ്യക്തിയുടെ ആധാർ നമ്പറും, മറ്റ് വിവരങ്ങൾ (പേര്, ജനനത്തീയതി പോലുള്ളവ) അല്ലെങ്കിൽ ബയോമെട്രിക് ഡാറ്റ (വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്‌കാൻ) എന്നിവയോടൊപ്പം അവരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനായി കേന്ദ്ര ഡാറ്റാബേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) സമർപ്പിക്കുന്ന ഒരു പ്രക്രിയയാണിത്.
- നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനും ഐഡിന്‍റിറ്റി ഡിജിറ്റലായി തെളിയിക്കാനുമുള്ള ഒരു മാർഗമാണിത്. നൽകിയിരിക്കുന്ന വിശദാംശങ്ങൾ UIDAI ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് ഒരു വ്യക്തിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കും.
- പ്രക്രിയ: നിങ്ങളുടെ ആധാർ നമ്പർ നൽകുമ്പോൾ, സേവന ദാതാവ് ഈ വിവരങ്ങൾ UIDAI സെർവറിലേക്ക് അയയ്ക്കുന്നു, തുടർന്ന് അവർ അത് സെൻട്രൽ ഐഡന്‍റിറ്റി ഡാറ്റ ശേഖരത്തിൽ (CIDR) സംഭരിച്ചിരിക്കുന്ന ഡാറ്റയുമായി താരതമ്യം ചെയ്യുന്നു.
- വിവിധ സർക്കാർ സേവനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യല്‍, ബാങ്ക് വെരിഫിക്കേഷൻ, പൊതു പരീക്ഷകള്‍ക്കുള്ള വെരിഫിക്കേഷനൊക്കെ ആധാര്‍ ഓതന്‍റിഫിക്കേഷൻ ആണ് ഉപയോഗിക്കുന്നത്
നിലവില്‍ ഏതൊക്കെ മേഖലകളിലാണ് ആധാര്‍ ഓതന്‍റിഫിക്കേഷൻ ഉപയോഗിക്കുന്നത്?
സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ, പരീക്ഷാ ഹാളുകളില്‍ തുടങ്ങിയവയ്ക്കാണ് ആധാര്‍ ഓതന്‍റിഫിക്കേഷൻ ഉപയോഗിക്കാൻ അനുമതിയുള്ളത്.
പുതിയ മാറ്റം കൊണ്ട് എന്തു സംഭവിക്കും?
ഇനി ഏത് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഓതന്‍റിഫിക്കേഷനായി ആധാര്‍ ഉപയോഗിക്കാം. ഇ-കൊമേഴ്‌സ്, ട്രാവല്‍, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ആരോഗ്യം തുടങ്ങിയ സ്വകാര്യ മേഖലകളിലേക്ക് ആധാർ പ്രാമാണീകരണത്തിന്‍റെ ഉപയോഗം വ്യാപിപ്പിച്ചിട്ടുണ്ട്.
സ്വകാര്യതാ മാനദണ്ഡങ്ങളും സുരക്ഷയും ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാൻ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
Read Also: ആധാര്‍ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ എന്നറിയണ്ടേ ? ആധാര്‍ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാം