മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിൽ ആരാധനാലയങ്ങള്‍ ആക്രമിച്ച് സായുധ സംഘം. പതിനഞ്ച് പൊലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിരവധി സാധാരണക്കാര്‍ക്കും പരിക്ക്. തിങ്കളാഴ്‌ച രാവിലെ വീഡിയോ പ്രസ്‌താവനയിലൂടെയാണ് ഗവർണർ സെർജി മെലിക്കോവ് വിവരം പുറത്തുവിട്ടത്.
ഞായറാഴ്‌ച റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്‌താനിലെ രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. സായുധ പോരാളികളുടെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി വിശേഷിപ്പിച്ചത്.
സംഭവത്തില്‍ അഞ്ച് തോക്കുധാരികളെ വധിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ എത്ര തീവ്രവാദികൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.
കാസ്‌പിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഡെർബെന്‍റ് നഗരത്തിലെ ഒരു സിനഗോഗിനും പള്ളിക്കും നേരെ ആയുധധാരികളായ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ഡാഗെസ്‌താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിക്കും സിനഗോഗിനും തീപിടിച്ചതായാണ് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.