ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി ഇങ്ങനെ വ്യത്യസ്‌ത നികുതികള്‍ ഉണ്ട്. പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൗരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സര്‍ക്കാര്‍ പിരിച്ചെടുക്കുന്നതാണ് നികുതി. വരുമാനം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ നികുതി ഈടാക്കുന്നത്.
ജനങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ചെറിയൊരു തുക ഇതിനായി നീക്കി വയ്‌ക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും, 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും, അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പല രാജ്യങ്ങളും വ്യത്യസ്‌ത മാനദണ്ഡങ്ങള്‍ പ്രകാരം നികുതി ഈടാക്കുന്നു. എന്നാല്‍ ലോകത്ത് നികുതി ഈടാക്കാത്ത ചില രാജ്യങ്ങള്‍ ഉണ്ട്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കിട്ടുന്ന മുഴുവൻ വരുമാനവും ഉപയോഗിക്കാനും സാധിക്കും. ഏതെല്ലാം രാജ്യങ്ങളിലാണ് നികുതി ഇല്ലാത്തതെന്ന് നമുക്ക് നോക്കാം...
ബഹ്‌റൈൻ
മലയാളി പ്രവാസികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന ഒരു ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈൻ. 50 പ്രകൃതിദത്ത ദ്വീപുകളും 22 കൃത്രിമ ദ്വീപുകളും അടങ്ങുന്ന ഒരു ചെറിയ ദ്വീപസമൂഹമാണ് ബഹ്‌റൈൻ. ആദായ നികുതിയോ, ചെറുകിട കോര്‍പ്പറേറ്റ് നികുതിയോ ഈ രാജ്യത്ത് ഈടാക്കുന്നില്ല. എന്നാല്‍, എണ്ണ, വാതക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളില്‍ നിന്ന് ഉയർന്ന നികുതി ഈടാക്കുന്നുണ്ട്. എണ്ണയില്‍ നിന്നാണ് പ്രധാനമായും ബഹ്‌റൈൻ വരുമാനം കണ്ടെത്തുന്നത്.
യുഎഇ
ജീവിക്കാൻ നല്ല അന്തരീക്ഷവും നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നതുമായ മറ്റൊരു ഗള്‍ഫ് രാജ്യമാണ് യുഎഇ. വ്യക്തിഗത ആദായ നികുതിയോ, കോര്‍പ്പറേറ്റ് നികുതിയോ യുഎഇ ഈടാക്കുന്നില്ല. സമ്പാദിക്കുന്ന മുഴുവൻ പണവും കയ്യില്‍ കിട്ടും. എണ്ണ, വാറ്റ്, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നാണ് രാജ്യം വരുമാനം കണ്ടെത്തുന്നത്.
ഖത്തര്‍
മിക്ക ബിസിനസുകൾക്കും വ്യക്തിഗത ആദായനികുതിയും കോർപ്പറേറ്റ് നികുതിയും ഇല്ലാത്ത ഒരു രാജ്യമാണ് ഖത്തര്‍. സാധാരണക്കാര്‍ക്ക് മികച്ച രീതിയില്‍ ജീവിതം പുലര്‍ത്താനും ഇവിടെ സാധിക്കും. എന്നിരുന്നാലും, ഖത്തര്‍ 2019 ൽ ഒരു മൂല്യവർധിത നികുതി (വാറ്റ്) അവതരിപ്പിച്ചിരുന്നു. ഇത് ചരക്കുകൾക്കും സേവനങ്ങൾക്കും 5% സ്റ്റാൻഡേർഡ് നിരക്കിൽ ചുമത്തുന്നു. ചില വലിയ വ്യവസായങ്ങളും നികുതികൾക്കോ ഫീസിനോ വിധേയമായേക്കാം.
ഒമാൻ
ഗള്‍ഫ് രാജ്യമായ ഒമാനും ഒരു നികുതി രഹിത രാജ്യമാണ്. വ്യക്തിഗത ആദായ നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഗവണ്‍മെന്‍റ് ചര്‍ച്ച നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ വ്യക്തിഗത വരുമാനത്തിന് ഒമാൻ നികുതി ചുമത്തുന്നില്ല. എണ്ണ, വാതക വ്യവസായത്തിന് പേരുകേട്ട രാജ്യം, ഈ മേഖലകളില്‍ നിന്ന് തന്നെയാണ് വരുമാനം കണ്ടെത്തുന്നത്.
സൗദി അറേബ്യ
സൗദി അറേബ്യ ഒരു തരത്തിലുള്ള വ്യക്തിഗത വരുമാനത്തിനും നികുതി ചുമത്തുന്നില്ല. സൗദി അറേബ്യയിലെ താമസക്കാർക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. അനന്തരാവകാശ നികുതി, സമ്മാന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയും ഇല്ല. നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ താമസിക്കുന്നത്.
ബഹാമസ്
വിനോദ സഞ്ചാരത്തിന് പേരുകേട്ട രാജ്യമായ ബഹാമസില്‍ വ്യക്തിഗത ആദായ നികുതി ഈടാക്കുന്നില്ല. ടൂറിസം ബിസിനുസുകളില്‍ നിന്നുമാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. സർക്കാർ ചെലവുകൾക്കായി വാറ്റ്, സ്റ്റാമ്പ് ടാക്‌സ് വരുമാനം ഉപയോഗിക്കുന്നു.
പനാമ, ഡൊമിനിക്ക, ബ്രൂണെ, മൊണാക്കോ, ബെര്‍മുഡ, കേമാൻ ദ്വീപുകൾ തുടങ്ങി രാജ്യങ്ങളിലും വ്യക്തിഗത ആദായ നികുതി ചുമത്തില്ല.
Read Also: ലോക ടൂറിസം രംഗത്ത് ഇന്ത്യയ്‌ക്ക് കുതിച്ചുചാട്ടം; 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട്