ദേര്‍ അല്‍-ബലാഹ്:പുതുവത്സര ദിനത്തിൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പലസ്‌തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 15 മാസത്തോളമായി നീണ്ട യുദ്ധത്തിന് ഇതുവരെയും വിരാമമായിട്ടില്ല എന്ന് മാത്രമല്ല ഇസ്രയേൽ ആക്രമണം അനുദിനം കടുപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ ഗാസയിലെ ജബലിയ പ്രദേശത്തെ ഒരു വീട്ടിൽ ഉൾപ്പെടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഒക്‌ടോബർ ആദ്യം മുതൽ ഇസ്രയേൽ പ്രധാന ലക്ഷ്യമായി കണക്കാക്കിയിരുന്ന മേഖലയാണ് ഇത്. നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ആക്രമണത്തിൽ നശിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഇസ്രയേൽ മേഖല ലക്ഷ്യമിട്ട് കടുത്ത ആക്രമണം അഴിച്ചുവിട്ടത്. അതേസമയം മേഖലയിൽ ഒരു സ്‌ത്രീയും നാല് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മധ്യ ഗാസയിലെ ബിൽറ്റ്-അപ്പ് ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ (ജനുവരി 1) രാത്രിയോടെ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു സ്‌ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ അൽ-അഖ്‌സ ആശുപത്രി അറിയിച്ചു.
ബുറൈജ് മേഖലയിൽ നിന്ന് രാത്രിയിൽ തീവ്രവാദികൾ ഇസ്രയേലിന് നേരെ റോക്കറ്റ് തൊടുത്തുവിട്ടതായും അതിന് തിരിച്ചടിയായി മറ്റൊരു ആക്രമണത്തിലൂടെ സേന പ്രതികരിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി നാസർ ആശുപത്രിയും മൃതദേഹങ്ങൾ സ്വീകരിച്ച യൂറോപ്യൻ ആശുപത്രിയും വ്യക്തമാക്കി.
2023 ഒക്‌ടോബർ 7ന് ഹമാസിന്‍റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1,200 ഓളം പേരെ കൊല്ലുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്. 100 ഓളം ഇസ്രയേൽ ബന്ദികൾ ഇപ്പോഴും ഹമാസിന്‍റെ തടവിലാണ്. അതിൽ വലിയൊരു ശതമാനം മരിച്ചതായും കരുതപ്പെടുന്നു. അതേസമയം ശേഷിക്കുന്ന ബന്ദികളെ ഉടൻ മോചിപ്പിക്കുകയും ഇസ്രയേലിന് നേരെ വെടിയുതിർക്കുന്നത് നിർത്തുകയും ചെയ്‌തില്ലെങ്കിൽ ഗാസ മുനമ്പ് ലക്ഷ്യമിട്ട് ഇനിയും അക്രമങ്ങൾ തുടരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന്‍റെ വ്യോമ, കര ആക്രമണത്തിൽ ഇതുവരെ 45,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയിലധികം സ്‌ത്രീകളും കുട്ടികളുമാണെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരിൽ എത്ര പേർ തീവ്രവാദികളാണെന്ന് പറയുന്നില്ല. അതേസമയം 17,000 തീവ്രവാദികളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു.