മോസ്കോ :റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി (47) അന്തരിച്ചു. തടവില്‍ കഴിയവെ അദ്ദേഹം അന്തരിച്ചതായി റഷ്യൻ ജയിൽ അധികൃതരാണ് അറിയിച്ചത് (Alexei Navalny Died). പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ്റെ കടുത്ത വിമർശകനും അഴിമതിക്കെതിരെ പോരാടുകയും ക്രെംലിൻ വിരുദ്ധ പ്രക്ഷോഭം നയിക്കുകയും ചെയ്‌ത നേതാവായിരുന്നു നവാൽനി.
ജയിലിൽ വച്ച് വെള്ളിയാഴ്‌ച നടക്കാൻ പോയതിനുശേഷം നവാൽനിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും തുടർന്ന് അബോധവസ്ഥയിലായെന്നും ഫെഡറൽ പ്രിസൺ സർവീസിന്‍റെ പ്രസ്‌താവനയിൽ പറയുന്നു. ചികിത്സ തേടുന്നതിനായി ആംബുലൻസ് എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നുമാണ് വിശദീകരണം. അതേസമയം നവാൽനിയുടെ മരണം സംബന്ധിച്ച് ഇതുവരെയും സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ പാർട്ടി വക്താവ് കിര യാർമിഷ് എക്‌സിൽ കുറിച്ചു.
തീവ്രവാദ പ്രവർത്തനം ആരോപിക്കപ്പെട്ട് 19 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു നവാൽനി. കഴിഞ്ഞ ഡിസംബറിൽ, നേരത്തെ തടവിലായിരുന്ന സെൻട്രൽ റഷ്യയിലെ വ്‌ളാഡിമിർ മേഖലയിലെ ജയിലിൽ നിന്നും അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ ജയിലായ 'സ്പെഷ്യൽ പീനൽ കോളനി'യിലേക്ക് മാറ്റിയിരുന്നു.
മോസ്‌കോയിൽ നിന്ന് ഏകദേശം 1,900 കിലോമീറ്റർ ദൂരെയുള്ള ജയിലിലേക്ക് നവാൽനിയെ മാറ്റാനുള്ള ശ്രമത്തെ അദ്ദേഹത്തിന്‍റെ അനുയായികള്‍ എതിർത്തിരുന്നു. നവാല്‍നിയെ നിശബ്‌ദനാക്കാനുള്ള ശ്രമമാണ് അതെന്നും അവർ വിമർശനം ഉന്നയിച്ചിരുന്നു.
2021ലാണ് നവാൽനി തടവിലാകുന്നത്. അഴിമതിയ്‌ക്കെതിരായ പ്രചാരണത്തിനിടെയായിരുന്നു ഇത്. ക്രെംലിൻ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും സർക്കാർ ഓഫീസുകളിലേക്ക് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ മാർച്ച് നടത്തുകയും ചെയ്‌തിരുന്നു. ഇതിനുശേഷം മൂന്ന് ജയിൽ ശിക്ഷകളാണ് അദ്ദേഹത്തിന് ലഭിച്ചത്. തനിക്കെതിരെ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് നവാൽനി നേരത്തെ വ്യക്തമാക്കിയിരുന്നു.