ന്യൂഡൽഹി :ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കും (Macron Is Set To Attend Republic Day Pared). റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി മാക്രോൺ ജനുവരി 25 ന് ജയ്‌പൂര്‍ പിങ്ക് സിറ്റി, അതിന് ശേഷം 26 ന് ഡൽഹിയും സന്ദർശിക്കും. റിപ്പബ്ലിക്ക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാക്രോണിനെ ക്ഷണിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം മാക്രോണിനും ജയ്‌പൂരിൽ ഔദ്യോഗിക സ്വീകരണം ലഭിക്കും, അതോടൊപ്പം റോഡ് ഷോയും ഉണ്ടായിരിക്കും (Macron Will Witness The Road Show In Jaipur). ജയ്‌പൂർ സന്ദർശനത്തിൽ പ്രധാനമന്ത്രിയും മാക്രോണും തമ്മിൽ സുപ്രധാന പ്രതിനിധി ചർച്ചകളും ഉഭയകക്ഷി ചർച്ചകളും നടത്തും. പ്രതിരോധ, തന്ത്രപ്രധാന മേഖലകളിൽ പ്രധാന പ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്.
ഇൻഡോ - പസഫിക്കിലെ പ്രധാന സഖ്യകക്ഷികളാണ് ഇന്ത്യയും ഫ്രാൻസും. ശക്തമായ പ്രതിരോധ ബന്ധമുള്ള രാജ്യങ്ങളുമാണ്. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ 'വിക്രാന്തി'ന് വേണ്ടി 26 റഫാൽ - മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്ന് ഡീസൽ ഇലക്ട്രിക് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ മുംബൈയിൽ നിർമ്മിക്കാനുള്ള പദ്ധതികളും നടന്നു വരുന്നുണ്ട്.
ഇന്ത്യൻ റിപ്പബ്ലിക് ദിന ചടങ്ങിൽ ഏറ്റവും കൂടുതൽ ക്ഷണം ലഭിച്ച രാജ്യം എന്ന സവിശേഷത ഫ്രാൻസിനുണ്ട്. ഇത് ആറാം തവണയാണ് ഫ്രഞ്ച് നേതാവ് തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇത് കൂടുതൽ ദൃഢമാക്കും.
വിദേശകാര്യമന്ത്രാലയത്തിന്‍റെ അഭിപ്രായത്തിൽ ഇന്ത്യയും ഫ്രാൻസും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഉയർന്ന തോതിലുള്ള രാജ്യങ്ങളാണ്. ഈ വർഷം ഇന്ത്യ ഫ്രാൻസ് സ്ട്രാറ്റജിക് പാർട്ടണർഷിപ്പിന്‍റെ 25 -ാം വാർഷികമാണ് ഇരു രാജ്യങ്ങളും ആഘോഷിക്കുന്നത്. പാരിസിൽ കഴിഞ്ഞ വർഷം ജൂലൈ 14 ന് നടന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥി ആയിരുന്നു. കഴിഞ്ഞ വർഷം സെപ്‌തംബർ 9, 10 തിയതികളിൽ ജി 20 ഉച്ചകോടിക്കായി പ്രസിഡന്‍റ് മാക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു.