വാഷിങ്‌ടൺ: യുഎസിലെയും ബംഗ്ലാദേശിലെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്നും തീവ്ര ഇടതുപക്ഷത്തിന്‍റെ മതവിരുദ്ധ അജണ്ടയിൽ നിന്ന് അവരെ സംരക്ഷിക്കുമെന്നും വാഗ്‌ദാനം ചെയ്‌ത റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയും മുൻ പ്രസിഡിന്‍റുമായ ഡൊണാൾഡ് ട്രംപിനെ അമേരിക്കയിലെ ഹിന്ദു വിശ്വാസി കൂട്ടായ്‌മ അഭിനന്ദിച്ചു.
വ്യാഴാഴ്‌ച ദീപാവലി ആശംസകൾ നേർന്ന ട്രംപ്, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ നടക്കുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഇത് "ആകെ അരാജകത്വത്തിൽ" തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. താനായിരുന്നു അമേരിക്കൻ പ്രസിഡന്‍റെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും നടക്കില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
'എന്‍റെ നിരീക്ഷണത്തിലാണെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നു. കമലയും ജോയും അമേരിക്കയിലെയും ലോകത്തിലെയും ഹിന്ദുക്കളെ അവഗണിച്ചു. അവര്‍ ഇസ്രായേലിലും യക്രെയ്‌നിലും നമ്മുടെ സ്വന്തം ദക്ഷിണ അതിർത്തിയിലും ഒരു ദുരന്തമായി തീര്‍ന്നു, പക്ഷേ ഞങ്ങൾ അമേരിക്കയെ വീണ്ടും ശക്തിപ്പെടുത്തുകയും സമാധാനം തിരികെ കൊണ്ടുവരുകയും ചെയ്യും,' എന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
താൻ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. 'തീവ്ര ഇടതുപക്ഷത്തിന്‍റെ മതവിരുദ്ധ അജണ്ടയ്‌ക്കെതിരെ ഞങ്ങൾ അമേരിക്കയിലെ ഹിന്ദുക്കളെ സംരക്ഷിക്കും. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ പോരാടും. എന്‍റെ ഭരണത്തിന് കീഴിൽ ഇന്ത്യയുമായും എന്‍റെ നല്ല സുഹൃത്തുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ഞങ്ങൾ ശക്തിപ്പെടുത്തും,' എന്നും ട്രംപ് വ്യക്തമാക്കി.