ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 12 ബുധനാഴ്‌ച) അമേരിക്ക സന്ദർശിക്കും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ആയേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയുടെ സന്ദർശനം ഇന്ത്യക്ക് നിർണായകമാണ്.
നിലവിൽ അമേരിക്ക ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങളിലെ വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, കമ്മി കുറയ്ക്കുന്നത് തുടങ്ങിയവ വിലയിരുത്തിയേക്കും. അതേസമയം ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതാണ് രാഷ്‌ട്രീയ നിരീക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതും ശ്രദ്ധേയമാണ്. കൂടാതെ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ്, എച്ച്1ബി വിസകളുടെ കാത്തിരിപ്പ് കാലാവധി കുറക്കുന്നതിലും ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് യുഎസിലെ ഇന്ത്യയുടെ മുൻ അംബാസഡർ യോഗേഷ് ഗുപ്‌ത പറയുന്നു.