കീവ്: യുക്രെയ്‌ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്‌കിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്‌നില്‍ വച്ചുണ്ടായ കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് സെലന്‍സ്‌കിയെ ക്ഷണിച്ചത്. ഇന്ത്യയിലേക്ക് വരുന്നതില്‍ താന്‍ സംതൃപ്‌തനാണെന്നും അധികം വൈകാതെ രാജ്യത്തെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞു.
ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി എസ് ജയശങ്കര്‍ മോദിയുടെ ഇന്ത്യയിലേക്കുള്ള ക്ഷണത്തെ കുറിച്ച് പറഞ്ഞു. 1992ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി യുക്രെയ്‌ന്‍ സന്ദര്‍ശിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സെലന്‍സ്‌കിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണം സെലന്‍സ്‌കി സ്വീകരിച്ചുവെന്നും സൗകര്യമനുസരിച്ച് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയശങ്കര്‍ അറിയിച്ചു.
ഇരുനേതാക്കളുടെ കൂടിക്കാഴ്‌ചയില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. റഷ്യ, യുക്രെയ്‌ന്‍ യുദ്ധത്തെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടതായും ജയശങ്കര്‍ അറിയിച്ചു.