ലിലോങ്‌വെ:മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സൗലോസ് ചിലിമയും ഭാര്യയുമുൾപ്പടെ 10 പേരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സൈനിക വിമാനം ചിക്കങ്കാവ പർവതനിരയിൽ തകർന്നുവീഴുകയായിരുന്നു എന്ന് സർക്കാരിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
സൗലോസ് ചിലിമയുടെ വിയോഗത്തെ തുടർന്ന് മലാവി പ്രസിഡൻ്റ് ലാസറസ് ചക്വേര ചൊവ്വാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്‌ട്രപതിയുടെയും ക്യാബിനറ്റിൻ്റെയും ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് പറന്നുയർന്ന സൈനിക വിമാനം തിങ്കളാഴ്‌ചയാണ് അപകടത്തിൽപ്പെട്ടത്. മലാവിയുടെ മുൻ അറ്റോർണി ജനറലിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സൗലോസ് ചിലിമ. ഇതിനിടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു എന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.