കേരളം

kerala

ജീവനോടെ മണ്ണിനടിയിലായത് 2000 മനുഷ്യര്‍; യുഎന്നിന് റിപ്പോര്‍ട്ട് നല്‍കി പാപുവ ന്യൂ ഗിനിയ - Papua New Guinea Landslide

By PTI

Published : May 28, 2024, 8:01 AM IST

നാലായിരത്തോളം ആളുകള്‍ താമസിച്ചിരുന്ന ഗ്രാമത്തെയാണ് മണ്ണിടിച്ചില്‍ ബാധിച്ചത്. ദുരന്തം രാജ്യത്തിന് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്നും പാപുവ ന്യൂ ഗിനിയ ഗവണ്‍മെന്‍റ് ഐക്യരാഷ്‌ട്രസഭയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

PNG LANDSLIDE DEATH TOLL  PAPUA NEW GUINEA TO UN  പാപുവ ന്യൂ ഗിനിയ  മണ്ണിടിച്ചില്‍
PAPUA NEW GUINEA LANDSLIDE (IANS)

പോര്‍ട്ട് മൊറെസ്‌ബി:പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 2000ത്തില്‍ അധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെടുകയും വൻ നാശനഷ്‌ടം ഉണ്ടായതായും പാപുവ ന്യൂ ഗിനി ദുരന്ത നിവാരണ സെന്‍റര്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് പറയുന്നത്. രാജ്യത്തിന് കനത്ത ആഘാതം സൃഷ്‌ടിച്ച ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണിടിച്ചിലില്‍ 670 പേര്‍ക്കാണ് ജീവൻ നഷ്‌ടമായതെന്നാണ് യുഎൻ കണക്ക്. എന്നാല്‍, ദുരന്തത്തിന്‍റെ വ്യാപ്തി ഇതിനേക്കാള്‍ വലുതാണെന്നാണ് പാപുവ ന്യൂ ഗിനിയയില്‍ നിന്നും പുറത്തുവരന്ന വിവരം.

എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തില്‍ മുൻഗ്ലോ പര്‍വതത്തിന്‍റെ ഒരുഭാഗം ഇടിഞ്ഞാണ് ദുരന്തമുണ്ടായത്. രാജ്യതലസ്ഥാനമായ പോര്‍ട്ട് മൊറെസ്‌ബിയില്‍ നിന്നും ഏകദേശം 600 കിലോമീറ്ററോളം മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഉള്‍പ്രദേശമായതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാണെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിക്കുന്നത്.

നാലായിരത്തിലധികം ആളുകളാണ് മണ്ണിടിച്ചില്‍ ഉണ്ടായ ഗ്രാമത്തില്‍ താമസിച്ചിരുന്നത് എന്നാണ് കണക്കുകള്‍. ദുരന്തത്തില്‍ 150ലധികം വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോഡുകളും പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരെ മേഖലയിലേക്ക് എത്തിച്ചത്.

കിഴക്കൻ തീര നഗരമായ ലേയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ദുരന്ത സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മണ്ണ് നീക്കം ചെയ്യാൻ വേണ്ട കൂടുതല്‍ ഉപകരണങ്ങളുമായെത്തുന്ന ഉദ്യോഗസ്ഥര്‍ ഇന്നോ നാളെയോ മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read :ചിലിയിലെ കാട്ടുതീ; അഗ്നിശമന സേനാംഗത്തെയും മുൻ വനപാലകനെയും കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ് - Chile Forest Fire Accused

ABOUT THE AUTHOR

...view details