ഫീനിക്‌സ്: അധികാരത്തിലേറുന്ന ആദ്യ ദിനം തന്നെ 'ട്രാൻസ്‌ജെൻഡർ ഭ്രാന്ത്' അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്നും പ്രൈമറി വിദ്യാലയങ്ങളിൽ നിന്നുമടക്കം പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എൽജിബിടിക്യു സമൂഹത്തിന്‍റെ അവകാശങ്ങൾക്കെതിരായ മുന്നേറ്റം തുടരുമെന്നും ട്രംപ് പറഞ്ഞു.
'അധികാരത്തിലെത്തിയാൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും, ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്നും പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നും മിഡിൽ സ്‌കൂളുകളിൽ നിന്നും ഹൈസ്‌കൂളുകളിൽ നിന്നും പുറത്താക്കാനുമുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഞാൻ ആദ്യം ഒപ്പിടും'- അരിസോണയിലെ ഫീനിക്‌സിൽ യുവ കണ്‍സര്‍വേറ്റീവുകള്‍ക്കായി നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുരുഷന്മാരെ സ്‌ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് അകറ്റി നിർത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക നയ പ്രകാരം അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും ട്രംപ് വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ യുഎസ് രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ വിഷയമായിരുന്നു ട്രാൻസ്ജെൻഡർ പ്രശ്‌നങ്ങൾ. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള ചികിത്സാ സഹായം, ഈ വിഷയം പരാമർശിക്കുന്ന പുസ്‌തകങ്ങള്‍ പൊതു ലൈബ്രറികളിലും സ്‌കൂൾ ലൈബ്രറികളിലും ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഡെമോക്രാറ്റിക് നിയന്ത്രിത സംസ്ഥാനങ്ങളും റിപബ്ലിക്കൻ സംസ്ഥാനങ്ങളും തീര്‍ത്തും ഇരുധ്രുവങ്ങളിലുള്ള നിലപാടാണ് എടുത്തിരുന്നത്.
കഴിഞ്ഞയാഴ്‌ച യുഎസ് കോൺഗ്രസ് വാർഷിക പ്രതിരോധ ബജറ്റിന് അംഗീകാരം നൽകിയപ്പോൾ, അംഗങ്ങളുടെ ട്രാൻസ്‌ജെൻഡർ കുട്ടികൾക്കുള്ള പരിചരണത്തിനുള്ള ധനസഹായം തടയുന്നതിനുള്ള വ്യവസ്ഥ അതിൽ ഉൾപ്പെടുത്തിയിരുന്നു.
Also Read: ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്‍റാകുമോ? ഇല്ലെന്ന് ട്രംപ്: എന്തുകൊണ്ടെന്ന് വിശദീകരണം