ഭുവനേശ്വര്‍: മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ പ്രിയയും അവളുടെ പതിനാറാം വയസില്‍ സ്വന്തം മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് വിവാഹിതയാകേണ്ടതായിരുന്നു. മാതാപിതാക്കള്‍ക്ക് അവളെ വിവാഹം കഴിച്ച് അയക്കണമായിരുന്നു. അതിനായി വീട് പുത്തന്‍ നിറങ്ങള്‍ വാരി പൂശി, അലങ്കാരങ്ങളെല്ലാം പൂര്‍ത്തിയായി. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വിരുന്ന് നല്‍കി തുടങ്ങി. അണിഞ്ഞൊരുങ്ങി വിവാഹവേദിയില്‍ നില്‍ക്കുന്ന പ്രിയയെ കാണാന്‍ ഉറ്റവരെല്ലാം ആകാംക്ഷയോടെ കാത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പതിനാറാം വയസില്‍ ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നതിന്‍റെ ദോഷങ്ങളെക്കുറിച്ച് തന്‍റെ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോഴെല്ലാം പ്രിയ. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. തന്‍റെ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളെപ്പോലെ തന്‍റെ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന് അവള്‍ക്ക് മനസിലായി.
എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവള്‍ ശൈശവ വിവാഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ വാതിക്കല്‍ സഹായത്തിനായി മുട്ടി. അവര്‍ ഇടപെട്ടതോടെ പ്രിയക്ക് അവളുടെ സ്വപ്‌നങ്ങള്‍ തിരികെ കിട്ടി. ഇപ്പോള്‍ അവള്‍ അവളുടെ ഗ്രാമത്തിലെ മാറ്റത്തിന്‍റെ പതാകവാഹകയാണ്.
വിവാഹം മുടങ്ങിയതോടെ അവള്‍ പഠനം തുടർന്നു. ഒപ്പം സജി ശൈശവ വിവാഹ ബോധവത്ക്കരണത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഒഡിഷയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അവള്‍ മാതൃകയായി മാറിയിരിക്കുന്നു. ശൈശവ വിവാഹത്തിനെതിരെ അവബോധം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവളിപ്പോള്‍ സജീവ പങ്കാളിയാണ്.
നമ്മുടെ രാജ്യത്ത് ഇന്നും പലയിടങ്ങളിലും നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യമാണ് ശൈശവ വിവാഹം. നിയമപരമായ വിവാഹപ്രായമായ പതിനെട്ട് വയസെത്തും മുമ്പ് തന്നെ രാജ്യത്തെ 23 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നുവെന്നാണ് ദേശീയതലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ശക്തമായ ബോധവത്ക്കരണം നടക്കുന്നുണ്ടെങ്കിലും ഒഡിഷയില്‍ ഇന്നും ഇരുപത് ശതമാനം ശൈശവ വിവാഹങ്ങള്‍ അരങ്ങേറുന്നുണ്ട്.
റായ്‌ഗഡ്, നയഗഡ് ജില്ലകളില്‍ ശൈശവ വിവാഹത്തിന്‍റെ തോത് ഞെട്ടിക്കുന്നതാണ്. റായ്‌ഗജയില്‍ 39 ശതമാനം പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിനിരയാകുന്നു. നയാഗഡില്‍ ഇത് 36 ശതമാനമാണ്. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്‌മ, സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ചില ആചാരങ്ങള്‍ എന്നിവയെല്ലാം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിപ്പിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. ഇവയെല്ലാം പെണ്‍കുഞ്ഞുങ്ങളുടെ ബാല്യവും ആരോഗ്യവും അവസരങ്ങളുമെല്ലാം കവര്‍ന്നെടുക്കുന്നു.
പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്‌തയ്ക്കുന്നതിന് അവര്‍ക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. കൗമാരകാലത്ത് ചില ബന്ധങ്ങളില്‍ ചെന്ന് ചാടി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുതെന്നതാണ് അതില്‍ പ്രധാനം. അതിനാല്‍ അതിന് മുമ്പ് തന്നെ അവരെ വിവാഹം കഴിച്ച് വിടുന്നു. സാമ്പത്തിക ബാധ്യതകളും സാമൂഹ്യ സമ്മര്‍ദങ്ങളും പെണ്‍കുഞ്ഞുങ്ങളെ നേരത്തെ വിവാഹം കഴിച്ചയ്ക്കാന്‍ പല മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നു.
മിക്ക പെണ്‍കുട്ടികള്‍ക്കും നേരത്തെയുള്ള വിവാഹം ആരോഗ്യ പ്രശ്‌നങ്ങളോടുള്ള ആജീവനാന്തപോരാട്ടമാണ്. ഇതിന് പുറമെ ഇവരുടെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. വൈകാരിക സംഘര്‍ഷവും ഇവര്‍ക്ക് ജീവിതകാലം മുഴുവനും സമ്മാനിക്കപ്പെടുന്നു.
പ്രിയയെന്ന ഒറ്റയാള്‍ പോരാട്ടം
മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ മാതാപിതാക്കളുടെ ഇഷ്‌ടത്തിന് തന്‍റെ ജീവിതം വിട്ടു കൊടുക്കേണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയാണ് പ്രിയ. പ്രിയയുടെ മാതാപിതാക്കള്‍ ഒരു ഡെലിവറി കമ്പനിയിലെ മാനേജരുമായി അവളുടെ വിവാഹം ഉറപ്പിച്ചു. അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഇത് തന്നെയെന്ന് അവര്‍ കരുതി. എന്നാല്‍ പ്രിയക്ക് തന്‍റെ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കണമായിരുന്നു. അത് കൊണ്ട് തന്നെ വിവാഹത്തിന് അവള്‍ വിസമ്മതിച്ചു.
മാതാപിതാക്കള്‍ അവളുടെ പ്രതിഷേധങ്ങള്‍ കാര്യമാക്കിയില്ല. എന്നാല്‍ അവള്‍ കാര്യങ്ങള്‍ അവളുടെ വഴിക്ക് കൊണ്ടു വന്നു. അവള്‍ നാട്ടിലെ ഒരു വനിതാ അവകാശ സംഘടനയെ സമീപിച്ചു. അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു. വിവാഹത്തിന്‍റെ തലേദിവസം അവരുടെ ഇടപെടലില്‍ അവളുടെ വിവാഹം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ പ്രിയ പഠനം തുടരുന്നു. ശൈശവ വിവാഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
തിരിഞ്ഞ് നോക്കുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നുണ്ട്. എന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം നഷ്‌ടമായെന്ന് തോന്നിയ ഇടത്ത് നിന്ന് ഇത്രയും ദൂരം പിന്നിടാനായി. മറ്റുള്ളവര്‍ക്കും വേണ്ടിയും പോരാടാന്‍ തനിക്ക് ഇന്ന് സാധിക്കുന്നു. ഒരു പെണ്‍കുട്ടിയും അവളുടെ ഭാവി കളയരുതെന്നും പ്രിയ പറയുന്നു.
ശൈശവ വിവാഹം ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന് ഒഡിഷ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ മന്ദാകിനി കര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ശൈശവ വിവാഹങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. 2030ഓടെ രാജ്യത്ത് നിന്ന് ശൈശവ വിവാഹം പൂര്‍ണമായും തുടച്ച് നീക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഒഡിഷയില്‍ കാര്യങ്ങള്‍ താരതമ്യേന ഭേദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ ഇപ്പോള്‍ കുറച്ച് കൂടി ബോധമുള്ളവരാണ്. അവരുടെ കുട്ടികളെ സ്‌കൂളില്‍ വിടുന്നുണ്ട്. നേരത്തെ അവര്‍ക്ക് നിയമത്തെ കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവർ കൂടുതല്‍ കരുതല്‍ പുലര്‍ത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദാരിദ്ര്യമാണ് പെണ്‍മക്കളെ നേരത്തെ വിവാഹം കഴിച്ച് വിടാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശൈശവ വിവാഹത്തിനെതിരെ പരാതികള്‍
2017ല്‍ ഗഞ്ജം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വിട്ടു. സാമൂഹ്യപ്രവര്‍ത്തകയായ അല്‍ക സാഹു ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ശൈശവ വിവാഹം ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതയാണ് അല്‍ക. തുടര്‍ന്നാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ണായകമായ വിധി പുറപ്പെടുവിക്കുന്നത്. പഞ്ചായത്തംഗം മുതല്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ വരെയുള്ളവര്‍ക്ക് ശൈശവ വിവാഹം തടയാന്‍ അധികാരം നല്‍കുകയും ചെയ്‌തു. എല്ലാ ജില്ലകളിലും ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ജുവനൈല്‍ പൊലീസ് യൂണിറ്റുകളും ഇതിനായി കൊണ്ടു വന്നു. വിദ്യാലയങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
ശൈശവ വിവാഹത്തിനെതിരെയുള്ള പോരാട്ടം കേവലം നിയമപരം മാത്രമല്ല മറിച്ച് സാമൂഹ്യവും കൂടിയാണെന്ന് അല്‍ക പറയുന്നു. മാനസികാവസ്ഥകളാണ് മാറേണ്ടത്. ഓരോ കുഞ്ഞുങ്ങള്‍ക്കും ഭയമില്ലാതെ സ്വപ്നം കാണാനുള്ള അവസരമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
ഓരോ മൂന്ന് മാസം കൂടുമ്പോഴും ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വനിത ശിശു വികസന മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ശേഖരിക്കാറുണ്ട്. വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. ജില്ലാ കളക്‌ടറും പൊലീസ് സൂപ്രണ്ടുമാരുമാണ് ഇതിന് ഉത്തരവാദികള്‍. ശൈശവ വിവാഹം തടയാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെ കീഴില്‍ പ്രത്യേക ജുവനൈല്‍ പൊലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണം. ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള പരാതികളില്‍ അന്വേഷണം നടത്താന്‍ രണ്ട് സ്‌ത്രീകളടക്കമുള്ള അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുള്‍പ്പെട്ട ജില്ലാതല സമിതികളും നിലവിലുണ്ട്.
ശൈശവ വിവാഹം തടയാനുള്ള സര്‍ക്കാര്‍ നടപടികളും നേട്ടങ്ങളും
സാമൂഹ്യപ്രവര്‍ത്തകരും എന്‍ജിഒകളും സര്‍ക്കാരുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒഡിഷയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യമെമ്പാടുമായി 1.7 ലക്ഷം ശൈശവ വിവാഹങ്ങള്‍ തടയാനായിട്ടുണ്ട്. 50,000ത്തിലേറെ ഗ്രാമങ്ങളെ ശൈശവ വിവാഹ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2030ഓടെ സംസ്ഥാനത്തെ ശൈശവ വിവാഹ മുക്തമായി പ്രഖ്യാപിക്കാനാണ് ഒഡിഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രത്യേക നിരീക്ഷണ യൂണിറ്റുകള്‍: ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെ കീഴിലാണ് ഈ യൂണിറ്റുകള്‍ ശൈശവ വിവാഹം തടയാനായി പ്രവര്‍ത്തിക്കുന്നത്.
ബോധവത്ക്കരണം: പഞ്ചായത്ത്, വിദ്യാലയ, ഗ്രാമതലങ്ങളില്‍ ശൈശവ വിവാഹത്തിനെതിരെയുള്ള ബോധവത്ക്കരണത്തിനായുള്ള പ്രചാരണങ്ങള്‍.
നിയമസാധുത: സര്‍പാഞ്ചുകള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ ശൈശവ വിവാഹം തടയണം. അക്കാര്യം 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണം.
സാമ്പത്തിക സഹായം: നേരത്തെയുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകലും സ്റ്റൈപെന്‍ഡുകളും നല്‍കാന്‍ ബജറ്റില്‍ തുക നീക്കി വയ്ക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
വെല്ലുവിളികള്‍
ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും പല വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്‌മയും തന്നെയാണ് പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ പ്രധാനം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കുടുംബങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. സാംസ്കാരിക, പരമ്പരാഗത ആചാരങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.
പ്രതീക്ഷയുടെ ശബ്‌ദങ്ങള്‍
ശൈശവ വിവാഹത്തിെനതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മാരത്തണ്‍ ആണ്. ഇത് കേവലം ഒരു ഓട്ടമത്സരമല്ല ശിശു ക്ഷേമ സമിതി അംഗം ബെനുധര്‍ സാഹു പറയുന്നു. അത് കൊണ്ട് തന്നെ ഇതിനൊരു സുസ്ഥിര ശ്രമങ്ങള്‍ ആവശ്യമാണ്. എല്ലാ ഗ്രാമങ്ങളും ശൈശവ വിവാഹ മുക്തമായി പ്രഖ്യാപിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിയിലേക്ക് നാം ഒരു പടികൂടി അടുത്തു എന്നാണ് അര്‍ത്ഥം.
- മൂന്ന് പെണ്‍കുട്ടികള്‍ ഓരോ മിനിറ്റിലും ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നു. ഓരോ ദിവസവും രാജ്യത്ത് 4400 ശൈശവവിവാഹങ്ങള്‍ അരങ്ങേറുന്നു.
- പതിനെട്ട് വയസിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ കൗമാരകാലത്ത് തന്നെ 1.79 മടങ്ങ് ഗര്‍ഭം ധരിക്കാനുള്ള സാധ്യത. 3.21 മടങ്ങ് മാതൃത്വത്തിലേക്കും കടക്കുന്നു. രാജ്യത്ത് 15നും 19നുമിടയില്‍ പ്രായമുള്ള ഒന്‍പത് ശതമാനം പെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ഗര്‍ഭിണികളാകുന്നു.
- പതിനാറ് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ നവജാത ശിശു മരണനിരക്ക് കൂടുതല്‍.
- ശരാശരി പ്രസവപ്രായത്തിന് മുമ്പ് തന്നെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കേണ്ടി വരികയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് അമിത രക്തസമ്മര്‍ദമടക്കമുള്ള സങ്കീര്‍ണതകള്‍ക്ക് സാധ്യത കൂടുതല്‍. മാസം തികയാതെ പ്രസവിക്കല്‍, ജനന സമയത്തെ ഭാരക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു. വൃക്കകള്‍ക്കടക്കമുള്ള പ്രശ്‌നങ്ങള്‍, അമ്മയുടെയും കുഞ്ഞിന്‍റെയും ജീവനടക്കം ഭീഷണി.
- രുചിക എന്ന എന്‍ജിഓ പത്ത് ലക്ഷം പേരെക്കൊണ്ട് ശൈശവ വിവാഹ രഹിത ഭാരതിനായി പ്രതിജ്ഞ എടുപ്പിച്ചു.
- ശൈശവ വിവാഹത്തിനെതിരെ രുചിക 33 കേസുകള്‍ കൊടുത്തു
- രുചികയുടെ നേതൃത്വത്തില്‍ 1500 ശൈശവവിവാഹങ്ങള്‍ തടഞ്ഞു. ഖോര്‍ദ, പുരി, ജയ്‌പൂര്‍, ജഗത് സിങ് പൂര്‍ ജില്ലകളിലാണ് രണ്ട് വര്‍ഷത്തിനിടെ ഇത്രയും ശൈശവവിവാഹങ്ങള്‍ തടഞ്ഞത്.