രാമള്ള: ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടെലിവിഷന്‍റെ പലസ്‌തീനിയന്‍ മേഖലയിലെ സംപ്രേഷണത്തിന് നിരോധനവുമായി അധികൃതര്‍. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ എരിതീയില്‍ എണ്ണ പകരുന്ന പ്രവൃത്തിയാണ് ചാനൽ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പലസ്‌തീന്‍ അധികൃതരുടെ നടപടിയെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
നാല്‍പ്പത്തിയഞ്ച് ദിവസത്തെ അടച്ച് പൂട്ടല്‍ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പലസ്‌തീന്‍ വിദേശകാര്യമന്ത്രാലയം നടപടിയെ അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് ഇതെന്ന് മന്ത്രാലയം ആരോപിച്ചു. ഇസ്രയേലില്‍ നേരത്തെ തന്നെ അല്‍ജസീറയുടെ സംപ്രേഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയുള്ള അഭിപ്രായ ഭിന്നതകളാണ് നിരോധനത്തിലേക്ക് വഴി തുറന്നത്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ രാമള്ള നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറയുടെ ഓഫിസില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിന് മുഖാവരണം ധരിച്ച ഇസ്രയേല്‍ സൈന്യം ഇരച്ചുകയറി തെരച്ചില്‍ നടത്തിയിരുന്നു. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.
തെറ്റായ വിവരങ്ങളും ഭീകരതയെ പ്രോത്സാഹിപ്പിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും പലസ്‌തീനിന്‍റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളുമാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമെന്ന ആരോപണം കഴിഞ്ഞ ബുധനാഴ്‌ച പലസ്‌തീന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ ചൂണ്ടിക്കാട്ടിയിരുന്നു.