വെസ്റ്റ് ബാങ്ക് :അന്താരാഷ്‌ട്ര സമ്മർദം കനക്കുന്നതിനിടെ പുതിയ മന്ത്രിസഭാ രൂപീകരണം പ്രഖ്യാപിച്ച് പലസ്‌തീന്‍. രണ്ട് പതിറ്റാണ്ടോളം പലസ്‌തീനെ നയിച്ച പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ് പുതിയ സർക്കാരിനെ പ്രഖ്യാപിച്ചു. പുതിയ മന്ത്രിമാരാരും പ്രമുഖരായ വ്യക്തികളല്ല എന്നാണ് റിപ്പോര്‍ട്ട്.
ദീർഘ കാലമായി പലസ്‌തീന്‍ ഉപദേശകനായിരുന്ന മുഹമ്മദ് മുസ്‌തഫയെ പ്രധാനമന്ത്രിയാക്കാൻ അബ്ബാസ് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക രാഷ്‌ട്രീയ ചായ്‌വുകള്‍ പ്രകടിപ്പിച്ചിട്ടില്ലാത്ത യുഎസ് വിദ്യാഭ്യാസമുള്ള സാമ്പത്തിക വിദഗ്‌ദനാണ് മുസ്‌തഫ. ആഭ്യന്തര മന്ത്രിയായി അധികാരത്തിലേറുന്ന സിയാദ് ഹബ് അൽ-റിഹ്, അബ്ബാസിന്‍റെ സെക്യുലർ ഫതഹ് പ്രസ്ഥാനത്തിലെ അംഗമാണ്. മുൻ സർക്കാരില്‍ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ സേനയുടെ മേൽനോട്ടം വഹിക്കുന്നത്.
ജറുസലേം കാര്യങ്ങളുടെ ഇൻകമിങ്ങ് മന്ത്രി അഷ്‌റഫ് അൽ-അവാർ 2021 ലെ തെരഞ്ഞെടുപ്പിൽ ഫതഹ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാലിത് അനിശ്ചിതമായി വൈകുകയായിരുന്നു.
പുതിയ 23 മന്ത്രിമാരിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും ഗാസയിൽ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ അവർ ഇപ്പോഴും പ്രദേശത്ത് ഉണ്ടോയെന്നത് വ്യക്തമല്ല. ഇസ്രായേൽ അധീന വെസ്‌റ്റ് ബാങ്കിന്‍റെ ചില ഭാഗങ്ങൾ ഭരിക്കുന്നത് പലസ്‌തീനാണ്. 2007-ൽ ഹമാസ് അധികാരം പിടിച്ചെടുത്തപ്പോൾ ഗാസയിൽ നിന്ന് പലസ്‌തീന്‍റെ സൈന്യത്തെ പുറത്താക്കുകയായിരുന്നു. 18 വർഷമായി ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
88 കാരനായ അബ്ബാസ് രാജിവയ്ക്കണമെന്ന് പലസ്‌തീനിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നതായി സമീപ വർഷങ്ങളിലെ അഭിപ്രായ സർവേകൾ കണ്ടെത്തിയിരുന്നു. യുദ്ധത്തിന് ശേഷം ഗാസയുടെ ഭരണം നടത്താൻ ഒരു പുതിയ പലസ്‌തീന്‍ മന്ത്രിസഭ വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേൽ ഈ ആശയത്തെ നിരസിച്ചു.
പുതിയ ഗവൺമെന്‍റ് രൂപീകരിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹമാസും പലസ്‌തീന്‍റെ നടപടി എതിര്‍ത്തു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരം പങ്കിട്ടുകൊണ്ട് സർക്കാർ രൂപീകരിക്കാൻ ഫതഹ് ഉൾപ്പെടെ എല്ലാ പലസ്‌തീൻ വിഭാഗങ്ങളോടും ഹമാസ് ആഹ്വാനം ചെയ്‌തു.
Also Read :ഗാസയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി; അമേരിക്ക വിട്ടുനിന്നു - UN Gaza Ceasefire Resolution