ജെറുസലേം: ഗാസ മുനമ്പില്‍ തടവില്‍ കഴിയുന്ന ബന്ദികളെ വിട്ടയക്കാന്‍ ധാരണയായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം ഉണ്ടായ ചില തടസങ്ങള്‍ പരിഹരിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അവസാനമാകുകയാണ്.
ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ബന്ദികളെ വിട്ടയക്കുമ്പോള്‍ പകരം ഇസ്രയേലില്‍ തടവിലാക്കിയിരിക്കുന്നവരെയും വിട്ടയക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പലായനം ചെയ്യപ്പെട്ട ആയിരക്കണക്കിന് പലസ്‌തീനികള്‍ക്ക് അവരുടെ ഗാസയിലെ വീടുകളിലേക്ക് മടങ്ങി വരാനുള്ള അവസരവും പുതിയ കരാറിലുണ്ട്. ഇതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം 72 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് തിരികെ വരുന്ന ബന്ദികളെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പ്രത്യേക കര്‍മ്മസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും നെതന്യാഹു വ്യക്തമാക്കി. ഇക്കാര്യം ഇവരുടെ കുടുംബാംഗങ്ങളെയും അറിയിച്ചു കഴിഞ്ഞു.
ഹമാസുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറും മധ്യസ്ഥ ചര്‍ച്ചകളും പൂര്‍ത്തിയായെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇസ്രയേല്‍ സഖ്യ സര്‍ക്കാരിലെ ചിലര്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നു.
ഹമാസ് ചില അധിക ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് വിലപേശാന്‍ തുടങ്ങിയെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഫിലാഡെല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍മാറണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഹമാസ് മുന്നോട്ട് വച്ചു. ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖല ഇസ്രയേല്‍ സൈന്യം മേയ് മാസത്തില്‍ പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഇക്കാര്യം ഹമാസ് നിഷേധിച്ചു. മധ്യസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് ഇസാത് അല്‍ റിഷഖ് പറഞ്ഞു.
അതേസമയം നെതന്യാഹുവിന്‍റെ തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ വെടിനിര്‍ത്തല്‍ കരാറിനോട് കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് ദേശീയ സുരക്ഷ മന്ത്രി ഇതമാര്‍ ബെന്‍ ഗ്വിറിന്‍റെ ഭീഷണി. സഖ്യകക്ഷികളുടെ കൂടി ബലത്തിലാണ് ഇസ്രയേല്‍ മന്ത്രിസഭ നിലനിക്കുന്നത്.
അതേസമയം ഇന്നത്തെ നെതന്യാഹുവിന്‍റെ പ്രസ്‌താവനയില്‍ ബെന്‍ഗ്വിറിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. താമസമില്ലാതെ തന്നെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നാണ് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ബാദര്‍ അബ്‌ദെലാട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ വര്‍ഷങ്ങളായി മധ്യസ്ഥ പ്രവര്‍ത്തനം നടത്തുന്ന രാജ്യമാണ് ഈജിപ്‌ത്. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാറിലും ഇവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പതിനഞ്ച് മാസം നീണ്ട യുദ്ധത്തില്‍ ഗാസയുടെ ജനസംഖ്യയുടെ 90 ശതമാനം വരുന്ന 23 ലക്ഷം പേരും പലായനം ചെയ്‌തു. ആയിരങ്ങള്‍ പട്ടിണിയിലാണ്.
നെതന്യാഹുവിന് സഖ്യ കക്ഷികളില്‍ നിന്നും സമ്മര്‍ദ്ദം
തടവിലാക്കിയിരിക്കുന്നവരെ വീടുകളിലെത്തിക്കുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നും രാഷ്‌ട്രീയത്തിന് അതീതമായി ഇതിന് മുന്‍ഗണന നല്‍കണമെന്നുമാണ് തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിന്‍റെ നേട്ടങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതാണെന്നും ഇത് അംഗീകരിക്കരുതെന്നുമാണ് രാജി ഭീഷണിയുമായി നില്‍ക്കുന്ന ബെന്‍ ഗ്വിറിന്‍റെ നിലപാട്. ബെന്‍ഗ്വിറിന്‍റെ ജൂതപാര്‍ട്ടി, ഭരണമുന്നണി വിട്ടാല്‍ ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ ഭരണ സഖ്യം ന്യൂനപക്ഷമാകും. ഇസ്രയേല്‍ യുദ്ധം തുടര്‍ന്നാല്‍ തങ്ങള്‍ സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് ബെന്‍ഗ്വിറിന്‍റെ നിലപാട്.
ധനമന്ത്രി ബെസാലെല്‍ സ്‌മോട്രികും കരാറിനെ എതിര്‍ക്കുന്നു. ഹമാസിനെതിരെയുള്ള യുദ്ധം നെതന്യാഹു തുടരണമെന്നാണ് ഇദ്ദേഹത്തിന്‍റെയും അഭിപ്രായം. എങ്കില്‍ മാത്രമേ തങ്ങളുടെ കക്ഷിയും സഖ്യത്തില്‍ തുടരൂ എന്നാണ് ധനമന്ത്രിയുടെയും ഭീഷണി.