അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു കോമ്പോയാണ് ഗുൽകന്ദും പഴവും ഐസ്‌ക്രീമും. സംഭവം അപാര ടെസ്റ്റാണെന്ന് കഴിച്ചവര്‍ പറയുമ്പോള്‍ ഇതൊന്ന് പരീക്ഷിക്കണമെന്ന് മനസില്‍ കരുതാത്തവര്‍ കുറവായിരിക്കും. പഴവും ഐസ്‌ക്രീമും എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാവും. എന്നാല്‍ പലര്‍ക്കും അത്ര സുപരിചതമല്ലാത്ത പേരാണ് 'ഗുൽകന്ദ്'. ഇതെന്താണെന്നും എവിടെ കിട്ടുമെന്നും തലപുകഞ്ഞ് ആലോച്ചവര്‍ ഏറെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റോസ് ഇതളുകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമാണ് ഗുൽകന്ദ് എന്നാണ് അതിനുള്ള ഉത്തരം. പരമ്പരാഗതമായി ഡമാസ്‌ക് റോസാപ്പൂക്കൾ ഉപയോഗിച്ചാണ് ഗുൽകന്ദ് തയ്യാറാക്കുന്നത്. ചൈന റോസ്, ഫ്രഞ്ച് റോസ്, കാബേജ് റോസ് എന്നിവയും ഉപയോഗിക്കാറുണ്ട്. മനസുവച്ചാല്‍ വളരെ എളുപ്പത്തില്‍ ഇതു നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കുകയും ചെയ്യാം. ഇനി റോസാപ്പു ലഭിച്ചില്ലെങ്കിലും പരിഹാരമുണ്ട്. മൂന്ന് രീതികളില്‍ അനായാസമായി ഗുൽകന്ദ് തയ്യാറാക്കുന്ന പാചകക്കുറിപ്പുകൾ ഇതാ....
# പാചകക്കുറിപ്പ് 1
ചേരുവകൾ:
- 1 കപ്പ് റോസ് ഇതളുകൾ
- 1 കപ്പ് പഞ്ചസാര
- 1 ടേബിൾസ്‌പൂൺ നാരങ്ങ നീര്
- 1 ടേബിൾസ്‌പൂൺ വെള്ളം
തയ്യാറാക്കുന്ന വിധം
റോസ് ഇതളുകൾ കഴുകി വ്യത്തിയാക്കി വെള്ളം പൂര്‍ണമായും കളഞ്ഞെടുക്കുക. കഴുകുമ്പോള്‍ ഇവയില്‍ രാസവസ്‌തുക്കളോ കീടനാശിനികളോ ഇല്ലെന്ന് ഉറപ്പാക്കുമല്ലോ?. ഒരു ബ്ലെൻഡറിലോ ഫുഡ് പ്രോസസറിലോ, റോസ് ഇതളുകൾ പേസ്റ്റാക്കി മാറ്റുകയാണ് ഇനി ചെയ്യേണ്ടത്. തുടര്‍ന്ന് ഒരു സോസ്‌പാനിൽ, റോസ് പേസ്റ്റ്, പഞ്ചസാര, നാരങ്ങ നീര്, വെള്ളം എന്നിവ കൂട്ടിച്ചേർക്കുക. ഈ മിശ്രിതം അടുപ്പില്‍ വച്ച് കുറഞ്ഞ ചൂടിൽ പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ നിരന്തരം ഇളക്കിയാല്‍ മതി. പഞ്ചസാര അലിഞ്ഞ് കഴിഞ്ഞാല്‍ ഇതു തീയിൽ നിന്ന് മാറ്റി തണുപ്പിച്ച് ഉപയോഗിക്കാം. ബാക്കിയുണ്ടെങ്കില്‍ ഗുൽക്കന്ദ് റഫ്രിജറേറ്ററിൽ ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുക.
പാചകക്കുറിപ്പ് 2: ഏലയ്ക്കയും കുങ്കുമപ്പൂവും ചേർത്ത ഗുൽകന്ദ്
ചേരുവകൾ:
- 1 കപ്പ് റോസ് ഇതളുകൾ
- 1 കപ്പ് പഞ്ചസാര പൊടിച്ചത്
- 1/2 ടീസ്‌പൂൺ ഏലക്ക പൊടിച്ചത്
- 1/4 ടീസ്‌പൂൺ കുങ്കുമപ്പൂവ്, 1 ടേബിൾസ്‌പൂൺ ചൂടുവെള്ളത്തിൽ കുതിർത്തത്
- 1 ടേബിൾസ്‌പൂൺ നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
അദ്യം തയ്യാറാക്കിയ അതേ രീതിയിലാണ് ഈ രീതിയിലും ഗുൽകന്ദ് ഉണ്ടാക്കുന്നത്. ഏലയ്ക്കയും കുങ്കുമപ്പൂവും ഇതിന് കൂടുതല്‍ രുചി നല്‍കുന്നുവെന്ന് മാത്രം. ചേരുവകള്‍ ഒരു പാത്രത്തില്‍ കൂട്ടിച്ചേര്‍ത്ത ശേഷം അടുപ്പില്‍ വച്ച് കുറഞ്ഞ ചൂടില്‍ നിരന്തരം ഉളക്കുകയാണ് വേണ്ടത്. പഞ്ചസാര അലിഞ്ഞ് കഴിഞ്ഞാല്‍ സ്വാദിഷ്‌ടമായ ഗുല്‍കന്ദ് തയ്യാര്‍. ഇതു തീയിൽ നിന്ന് മാറ്റി തണുപ്പിച്ച് ഉപയോഗിക്കാം.
റോസാപ്പു ഇല്ലെങ്കിലും വിഷമിക്കേണ്ട
പാചകക്കുറിപ്പ് 3: റോസ് ജാം ഉപയോഗിച്ചുള്ള ഗുല്‍ഗന്ദ്
ചേരുവകൾ:
- 1 കപ്പ് റോസ് ജാം
- 1/2 കപ്പ് പഞ്ചസാര
- 1 ടേബിൾസ്‌പൂൺ നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
ഒരു സോസ്‌പാനിൽ, റോസ് ജാം, പഞ്ചസാര, നാരങ്ങ നീര് എന്നിവ കൂട്ടിച്ചേർക്കുക. ചെറുതീയില്‍ വച്ച് ഈ മിശ്രിതം നിരന്തരം ഇളക്കി പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ ചൂടാക്കാം. തുടര്‍ന്ന് തീയിൽ നിന്ന് മാറ്റി തണുപ്പിക്കാൻ വയ്ക്കുക. റഫ്രിജറേറ്ററിൽ ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കാം.