ഇസ്ലാമബാദ് :ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ഭീകരാക്രമണം. ആക്രമണത്തിൽ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന നിരോധിത സംഘടനയുടെ കമാൻഡർ ഉൾപ്പെടെ 11 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സുരക്ഷാസേന അറിയിച്ചു. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ഓപ്പറേഷനുകളിലായാണ് ഭീകരരെ വധിച്ചത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഖൈബർ ജില്ലയിലെ തിരഹ് താഴ്വരയിലും ലക്കി മർവാത് ജില്ലയിലുമാണ് ഓപ്പറേഷൻ നടത്തിയത്. പിർ മേള വഴി തിരഹ് താഴ്വരയിലൂടെ നീങ്ങിയ ഒരു സംഘം തീവ്രവാദികളെ സുരക്ഷാ സേന തടഞ്ഞിരുന്നു. തുടർന്നുണ്ടായ വെടിവയ്‌പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കൊല്ലപ്പെട്ട തീവ്രവാദികളിൽ സംഘത്തെ നയിച്ച ഒരു കമാൻഡറും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിരോധിത തീവ്രവാദ സംഘടനയായ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികൾ. ലക്കി മർവാട്ട് ജില്ലയിലും ഷാഗായി മേഖലയിലും പൊലീസും തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.