മാലെ:മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്‍റിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്രസിഡന്‍റിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനായി നേതാക്കളില്‍ നിന്നും ഒപ്പ് ശേഖരണവും നടത്തിയതായാണ് ലഭിക്കുന്ന വിവരം.
മുഹമ്മദ് മുയിസുവിന്‍റെ മന്ത്രിസഭയിലെ ഏതാനും അംഗങ്ങളുടെ അംഗീകാരത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഇന്നലെ (ജനുവരി 28) പാര്‍ലമെന്‍റില്‍ സംഘര്‍ഷവും ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റിന് എതിരെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ഇപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ന് (ജനുവരി 29) ചേര്‍ന്ന എംഡിപിയുടെ യോഗത്തിലാണ് പ്രസിഡന്‍റിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനമായത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും 34 പ്രതിനിധികള്‍ പ്രമേയം അവതരിപ്പിക്കുന്നതിന് അനുകൂലമായി ഒപ്പിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പ്രസിഡന്‍റുമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാര്‍ലമെന്‍റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിലാണ് മുഹമ്മദ് മുയിസും മാലദ്വീപില്‍ അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ ഡിസംബറില്‍ മന്ത്രിസഭയുടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നിട് ആവശ്യം തള്ളുകയായിരുന്നു.