സോൾ (ദക്ഷിണകൊറിയ) : ദക്ഷിണ കൊറിയയിലേക്ക് മനുഷ്യവിസർജ്യമുൾപ്പെട്ട മാലിന്യങ്ങൾ നിറച്ച ബലൂണുകൾ പറത്തി വിട്ട് നോർത്ത് കൊറിയ. സോളിലെ സൈന്യമാണ് ഈ വിവരം പുറത്ത് വിട്ടത്. ഇരു കൊറിയകളെയും വേർതിരിക്കുന്ന മിലിട്ടറി ഡീമാർക്കേഷൻ രേഖയ്ക്ക് കുറുകെ പറന്നെത്തിയ 600 ഓളം ബലൂണുകൾ സിയോളിലും ചുറ്റുമുള്ള ജിയോങ്ഗി പ്രവിശ്യയിലും 8 മണി മുതൽ വീണതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് (ജെസിഎസ്) അറിയിച്ചു.
ഇതിന് മുൻപും ബലൂണുകളിൽ ഇത് പോലെ തന്നെ സിഗരറ്റ് കുറ്റികൾ, കടലാസ്, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങി വിവിധ മാലിന്യങ്ങൾ നിറച്ച് അയച്ചിരുന്നുവെന്ന് ജെസിഎസ് പറയുന്നു. നേരത്തെ, ദക്ഷിണ കൊറിയയിലെ ആക്‌ടിവിസ്റ്റ് അയച്ച പ്യോങ്‌യാങ് വിരുദ്ധ ലഘുലേഖകൾക്കെതിരെ അതേനാണയത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.