ജീവിതം ആനന്ദകരവും ആസ്വാദ്യകരവുമാകാൻ ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചിട്ടയായ ഭക്ഷണക്രമം പതിവായുള്ള വ്യായാമം എന്നിവയെല്ലാം നമ്മളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിനു പുറമെ ദിനചര്യയിൽ ചില പ്രകൃതിദത്ത പാനീയങ്ങൾ ഉൾപ്പെടുത്തുന്നതും ശരീരത്തിന് ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു സൂപ്പർ ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയുന്നത്. മഞ്ഞളും ഇഞ്ചിയും നെല്ലിക്കയുമാണ് ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ. ഇവ മൂന്നിലും ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകും. പതിവായി ഈ ഡ്രിങ്ക് കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പ്രതിരോധശേഷി വർധിപ്പിക്കും
നെല്ലിക്കയിലെ വിറ്റാമിൻ സിയും ഇഞ്ചിയിലെ ആന്‍റി മൈക്രോബയൽ ഗുണങ്ങളും മഞ്ഞളിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകൾ, രോഗങ്ങൾ എന്നിവയെ ചെറുക്കനും ഇത് ഗുണം ചെയ്യും.
വീക്കം കുറയ്ക്കും
മഞ്ഞൾ, ഇഞ്ചി എന്നിവ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ്. ഇഞ്ചിയിലെ ബയോആക്റ്റീവ് ഘടകങ്ങളും മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിനും ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കും. സന്ധിവാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഇത് ഫലം ചെയ്യും. സന്ധിവേദന കുറയ്ക്കാനും ഈ പാനീയം ഉപകരിക്കും.
ദഹനത്തെ സഹായിക്കും
ഇഞ്ചി, മഞ്ഞൾ, നെല്ലിക്ക എന്നിവ ദഹനത്തെ പിന്തുണയ്ക്കുകയും ദഹന പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. ആമാശയ ചലനത്തെ പ്രോത്സാഹിപ്പിക്കാനും അസിഡിറ്റി ലഘൂകരിക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ മൂന്നും ചേർന്ന പാനീയം കുടിക്കുന്നത് നല്ലതാണ്. ദഹനക്കേട്, വയറു വീർക്കൽ, ഓക്കാനം, ഐബിഎസ് പോലുള്ള അവസ്ഥകൾ കുറയ്ക്കാനുള്ള ഒരു പ്രകൃതിദത്ത പ്രതിവിധി കൂടിയാണിത്.
വിഷവിമുക്തക്കാൻ സഹായിക്കും
ശരീരത്തെ വിഷവിമുക്തമാക്കാനും ശുദ്ധീകരിക്കാനും മികച്ച തെരഞ്ഞെടുപ്പാണ് ഈ പാനീയം. മൂത്രത്തിലൂടെ ശരീരത്തിന് ദോഷകരമായ വസ്‌തുക്കൾ പുന്തള്ളാൻ ഇത് സഹായിക്കും. കരളിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഇത് ഗുണം ചെയ്യും.
ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഒരു സൂപ്പർ ഡ്രിങ്കാണിത്. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും രക്തം കട്ട പിടിക്കുന്നത് തടയാനും ഇത് ഗുണം ചെയ്യും. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന്
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊളാജൻ ഉത്പാദനം വർധിപ്പിക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ ഉൾപ്പെടെയുള്ള കേടുപാടുകൾ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും ഇത് ഗുണം ചെയ്യും. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഈ ഡ്രിങ്ക് കുടിക്കുന്നത് നല്ലതാണ്. രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
പാനീയം തയ്യാറാക്കുന്ന വിധം
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക ജ്യൂസ് - 1 ടേബിൾ സ്‌പൂൺ അല്ലെങ്കിൽ
- ഇഞ്ചി -1 കഷണം
- മഞ്ഞൾപ്പൊടി - ½ ടീസ്‌പൂൺ
- ചെറുചൂടുള്ള വെള്ളം - 1 ഗ്ലാസ്
വെള്ളം തിളപ്പിച്ച് തണുക്കാനായി മാറ്റി വയ്ക്കുക. ഇളം ചൂടുള്ള വെള്ളത്തിലേക്ക് നെല്ലിക്ക നീര്, ഇഞ്ചി നീര്, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 5 മുതൽ 10 മിനിറ്റ് നേരം മാറ്റിവച്ച ശേഷം ഒഴിഞ്ഞ വയറ്റിൽ ചൂടോടെ തന്നെ കുടിക്കുക. ആവശ്യമെങ്കിൽ ഇതിലേക്ക് നാരങ്ങാ നീര് കൂടി ചേർക്കാവുന്നതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാം ഈസിയായി; ഈ പ്രഭാത ശീലങ്ങൾ പിന്തുടരൂ...
2. പതിവായി ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ നിരവധി
3. ശരീരഭാരം കുറയ്ക്കും പ്രതിരോധ ശേഷി കൂട്ടും; ഇഞ്ചിയുടെ ഗുണങ്ങൾ അറിയാം
4. പ്രമേഹം മുതൽ ക്യാൻസർ വരെ തടയുന്നു; മഞ്ഞളിൻ്റെ 9 ആരോഗ്യ ഗുണങ്ങൾ