ധാക്ക:രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിന്‍റെ ജാമ്യാപേക്ഷ ചാറ്റോഗ്രാമിലെ കോടതി തള്ളി. ഇന്ന് (ജനുവരി 2) കനത്ത സുരക്ഷയോടെ നടന്ന ഹിയറിങ്ങിന് ശേഷമാണ് കോടതി ചിൻമോയ് കൃഷ്‌ണ ദാസിന് ജാമ്യം നിഷേധിച്ചത്. നവംബർ 25നാണ് അദ്ദേഹത്തെ ധാക്കാ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
11 അഭിഭാഷകർ അടങ്ങുന്ന അഭിഭാഷക സംഘം നൽകിയ ജാമ്യാപേക്ഷയാണ് 30 മിനിറ്റോളം ഇരുപക്ഷത്ത് നിന്നും വാദം കേട്ട ശേഷം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്‌ജ് എംഡി സെയ്‌ഫുൾ ഇസ്‌ലാം തള്ളിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് മൊഫിസുർ ഹഖ് ഭുയാൻ പറഞ്ഞു. 2024 ഡിസംബർ 3നാണ് ചിറ്റഗോങ് കോടതി ചിൻമോയ് കൃഷ്‌ണ ദാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 2ലേക്ക് മാറ്റിയത്.
ഒക്‌ടോബർ 25ന് ചിറ്റഗോംങിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. ചിൻമോയ് കൃഷ്‌ണ ദാസിനും 18 പേർക്കുമെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ചിൻമോയ് കൃഷ്‌ണ ദാസിന്‍റെ അറസ്‌റ്റിനെ തുടർന്ന് ബംഗ്ലാദേശിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം കസ്‌റ്റഡിയിൽ തുടരുന്ന ചിൻമോയ് കൃഷ്‌ണ ദാസിനെ സന്ദർശിച്ച് മടങ്ങിയ ആദിപുരുഷ് ശ്യാം ദാസ്, രംഗനാഥ് ദാസ് എന്നീ സന്യാസിമാരെ കസ്‌റ്റഡിയിലെടുത്തതായി ഇസ്‌കോൺ കൊൽക്കത്ത റിപ്പോർട്ട് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുകൾ ഉണ്ടായതിനെ തുടർന്ന് രാജ്യത്തെ സ്ഥിതി വഷളായി.