ലണ്ടന്‍:പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചൊരു അപൂര്‍വ വജ്രമാല നവംബറില്‍ ലേലത്തിനെത്തുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ലേലക്കമ്പനിയായ സഥേബിസ്. അഞ്ഞൂറ് വൈരക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച അത്യപൂര്‍വ വൈരനെക്‌ലേസാണിത്. ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമന്‍റെ ഭാര്യ ആയിരുന്ന മേരി അന്‍റോയ്‌നെറ്റിന്‍റെ മരണത്തെ തുടര്‍ന്ന് സംഭാവന ചെയ്യപ്പെട്ട ആഭരണങ്ങളില്‍ ഉള്‍പ്പെട്ടതാണിതെന്നാണ് ചിലര്‍ പറയുന്നത്.
സ്വകാര്യ ഏഷ്യന്‍ ശേഖരത്തിലാണ് ഇപ്പോള്‍ ഈ മാലയുള്ളത്. നവംബര്‍ പതിനൊന്നിനാണ് ഈ അപൂര്‍വ മാലയുടെ ലേലം നടക്കുക. ഓണ്‍ലൈന്‍ ലേലം ഒക്‌ടോബര്‍ 25 മുതല്‍ ആരംഭിക്കും.
മൂന്ന് നിരകളിലായി വജ്രക്കല്ലുകള്‍ അടുക്കിയാണ് മാല നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടറ്റത്തും ഡയമണ്ട് കൊണ്ടുള്ള അലങ്കാരത്തൊങ്ങലുകളുമുണ്ട്. അന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഈ അപൂര്‍വ മാല പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 18 ലക്ഷം ഡോളര്‍ മുതല്‍ 28 ലക്ഷം ഡോളര്‍ വരെ വില കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 15 കോടി മുതല്‍ 23 കോടി വരെ ഇന്ത്യന്‍ രൂപ.
സാധാരണയായി പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങളൊന്നും പുനരുപയോഗിക്കാനാകാവുന്ന സ്ഥിതിയിലാകില്ല. എന്നാല്‍ ഇതിന് യാതൊരു കേടുപാടുകളുമില്ല. ജോര്‍ജിയന്‍ കാലഘട്ടത്തിലുള്ള ഈ ആഭരണം ഇതിന്‍റെ പരിശുദ്ധി കൊണ്ട് കൂടി ശ്രദ്ധേയമാണെന്ന് സഥേബിസ് ചെയര്‍മാന്‍ ആന്‍ഡ്രൂസ് വൈറ്റ് കോറിയല്‍ പറഞ്ഞു. പല പല കുടുംബങ്ങളിലേക്ക് കൈമാറിക്കിട്ടിയ ആഭരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇത് ബ്രിട്ടനിലെ പ്രഭുകുടുംബമായ മാര്‍ക്വസ് ഓഫ് ഏഞ്ചല്സിയുടെ പക്കലായിരുന്നു. ഈകുടുംബം രണ്ട് തവണയാണ് ഈ അപൂര്‍വ മാല പൊതുവേദിയില്‍ അണിഞ്ഞിട്ടുള്ളത്. 1937ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്‍റെ കിരീടധാരണവേളയിലും പിന്നീട് 1953ല്‍ അദ്ദേഹത്തിന്‍റെ മകള്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണവേളയിലും.