ഗാസ സിറ്റി: തങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങൾ പ്രാവര്‍ത്തികമാക്കുകയും ഇസ്രായേലി ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അറബ്, മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് ഹമാസ്. പ്രാദേശിക സമാധാനത്തിന്‍റെ മുൻകൂർ വ്യവസ്ഥ എന്ന നിലയില്‍ അധിനിവേശം നടത്തിയ പലസ്‌തിന്‍റെ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് റിയാദിൽ നടന്ന ഉച്ചകോടിയിൽ അറബ്, മുസ്ലീം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഗ്‌ദാനങ്ങൾ പ്രാവര്‍ത്തികമാക്കാന്‍ അറബ്, മുസ്ലീം രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഹമാസ് പ്രസ്‌താവന ഇറക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം സ്ഥാപിക്കുന്നതിന്, നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണവും വംശഹത്യയും അവസാനിപ്പിക്കാൻ നിർബന്ധിതമാക്കുന്നതിനും കൂടുതൽ അടിയന്തിര ശ്രമങ്ങളും പ്രായോഗിക പരിഹാരങ്ങളും ആവശ്യമാണ്"- ഹമാസ് തങ്ങളുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അതേസമയം ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥശ്രമങ്ങള്‍ നിര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചകളുടെ മധ്യസ്ഥശ്രമങ്ങള്‍ക്കില്ലെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
സമാധാന ചര്‍ച്ചകളില്‍ ആത്മാര്‍ഥതയോടെ പങ്കെടുക്കാൻ ഇരുപക്ഷവും തയ്യാറാകുന്നില്ല. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇരുവിഭാഗവും സന്നദ്ധത പ്രകടിപ്പിക്കുന്ന സമയത്ത് തങ്ങളുടെ ഭാഗത്ത് നിന്നും മധ്യസ്ഥശ്രമം തുടരും. ഇക്കാര്യം ഇസ്രയേലിനെയും ഹമാസിനെയും അറിയിച്ചിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
ALSO READ: 'അമേരിക്കയുടെ സൈന്യം യൂറോപ്പിലുണ്ട്', യുദ്ധം വ്യാപിപ്പിക്കരുതെന്ന് പുടിനോട് ട്രംപ്
മധ്യസ്ഥശ്രമങ്ങളില്‍ നിന്നുള്ള പിന്മാറ്റ വിവരം യുഎസിനെയും ഖത്തര്‍ അറിയിച്ചതായി സിഎൻഎൻ ഉള്‍പ്പടെയുള്ള വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥശ്രമങ്ങള്‍ക്ക് യുഎസിനും ഈജിപ്‌തിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. മാസങ്ങളായി വെടിനിര്‍ത്തല്‍, ബന്ദിമോചനം എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.