എറണാകുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണം സംബന്ധിച്ച് പ്രതികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി റാഗിങ് വീണ്ടും ആവർത്തിക്കാൻ കാരണമായി എന്ന് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കോട്ടയത്തെ നഴ്‌സിങ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
'കൊടിയ റാഗിങ് സിദ്ധാർത്ഥൻ്റെ മരണത്തിൽ കലാശിച്ചുവെന്ന് സിബിഐ റിപ്പോർട്ടിലും ആൻ്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോടതി പ്രതികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. പ്രതികളെ സ്വതന്ത്രരാക്കുകയും പഠനത്തിന് അനുവദിക്കുകയും ചെയ്‌തു തെറ്റായ സന്ദേശം നൽകി.
എസ്എഫ്‌ഐക്കാരായാൽ ആരെയും റാഗ് ചെയ്യാം എന്ന നിലവന്നിരിക്കുന്നു. ഇത് ശരിയാണോ? ഇപ്പോഴും ക്യാമ്പസുകളിൽ റാഗിങ് തുടരുന്നതിന് ഇത് കാരണമായിട്ടുണ്ട്. സിദ്ധാർത്ഥൻ്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചതിനാല്‍ പ്രതികളുടെ തുടർ പഠനത്തിന് സ്റ്റേ കിട്ടിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാതെ കഠിന ശിക്ഷ നൽകിയിരുന്നുവെങ്കിൽ റാഗിങ് ആവർത്തിക്കില്ലായിരുന്നു' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'എസ്എഫ്‌ഐ ഗുണ്ടകളെ വളർത്തുന്ന സിപിഎമ്മിൻ്റെ സമീപനമാണ് ഇത്തരം സംഭവങ്ങൾക്ക് ആധാരം. മന്ത്രി പോലും പ്രതികളെ പിന്തുണയ്ക്കുമ്പോൾ പ്രതികൾക്ക് എന്താണ് പേടിക്കാനുള്ളത്? കോട്ടയത്തെ മന്ത്രി വാസവൻ പ്രതികൾ എസ്എഫ്‌ഐക്കാരല്ല എന്നാണ് പറഞ്ഞത്. അങ്ങനെയല്ല എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി തന്നെ പ്രതികളെ സംരക്ഷിക്കുമ്പോൾ പൊലിസ് അന്വേഷണം കൊണ്ട് എന്താണ് കാര്യമെന്നും ചെന്നിത്തല ചോദിച്ചു. അതിനാൽ കോട്ടയത്തെ റാഗിങ് കേസ് കോടതിയുടെ നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിദ്ധാർത്ഥൻ്റെ കേസിലുണ്ടായ അനീതി പൊതുജനങ്ങൾ ചർച്ച ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: നഴ്‌സിങ് കോളജിലെ റാഗിങ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - KOTTAYAM YOUTH CONGRESS MARCH