വാഷിങ്ടൺ: നിയുക്‌ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും പങ്കെടുക്കും. ഇന്നലെ (ജനുവരി 18) വാഷിങ്ടണിലെത്തിയ അംബാനി കുടുംബം വൈകുന്നേരം ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയുക്ത വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഭാര്യ ഉഷ വാൻസും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ട്രംപ് കുടുംബത്തിൻ്റെ സ്വകാര്യ ക്ഷണിതാവായി ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലും ദമ്പതികൾ പങ്കെടുക്കുന്നതായിരിക്കും. ട്രംപിൻ്റെ കുടുംബവുമായി അംബാനി കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്.
2017ൽ ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ് ആഗോള സംരംഭക ഉച്ചകോടി സംബന്ധിച്ച് ഹൈദരാബാദ് സന്ദർശിച്ചപ്പോൾ മുകേഷ് അംബാനി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. അന്ന് ഇവാങ്ക, പ്രസിഡൻ്റായിരുന്ന ട്രംപിൻ്റെ ഉപദേഷ്‌ടാവായിരുന്നു. യുഎസ് പ്രസിഡൻ്റായി ട്രംപ് സേവനമനുഷ്‌ഠിക്കുന്ന സമയത്ത് 2020 ഫെബ്രുവരിയിൽ അവസാനമായി അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോഴും മുകേഷ് അംബാനി അവിടെ സന്നിഹിതനായിരുന്നു.
2024 മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിൽവച്ച് നടന്ന അംബാനിയുടെ ഇളയ മകൻ അനന്തിൻ്റെയും രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡിങ് ആഘോഷങ്ങളിൽ ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്‌നറും മൂത്ത മകൾ അരബെല്ല റോസും പങ്കെടുത്തിരുന്നു. പ്രസിഡൻ്റ് ജോ ബൈഡൻ, കമല ഹാരിസ്, ജിൽ ബൈഡൻ, ഡഗ് എംഹോഫ്, മുൻ പ്രസിഡൻ്റുമാരായ ബറാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിൻ്റൺ എന്നീ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
മറ്റ് വ്യവസായ പ്രമുഖരായ എലോൺ മസ്‌ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക്, മാർക്ക് സക്കർബർഗ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ, ഊബർ സിഇഒ ദാര ഖോസ്രോഷാഹി എന്നിവരും പങ്കെടുക്കും.
Also Read:'ഫാസിസത്തിന് വഴങ്ങില്ല'; ട്രംപ് അധികാരത്തില്‍ വരാനിരിക്കെ അമേരിക്കയില്‍ വൻ പ്രതിഷേധം